തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന 233 പേജ് അടങ്ങുന്ന ലിസ്റ്റ് ഉടന്‍ പരസ്യപ്പെടുത്തണമെന്നും ആരോപണ വിധേയരായിട്ടുള്ള പ്രമുഖരുടേയും മറ്റുള്ളവരുടേയും പേര് വിവരങ്ങള്‍ പുറത്ത് വിടണമെന്നും ഭചസ് (ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഭചസ് വര്‍ഷങ്ങള്‍ക്ക് മുന്നേ ആരോപിച്ചതിന്റെ വസ്തുതകളാണ് ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമ മേഖലയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന തൊഴില്‍ നിഷേധവും സ്ത്രീകളോടുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളും വിവേചനത്തിനും എതിരെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയാണ് ഭചസ്. സംഘടന നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുക, തൊഴിലാളികളുടെ ഭക്ഷണത്തിലും മറ്റ് പ്രാഥമിക ആവശ്യങ്ങളിലും കാട്ടുന്ന വിവേചനം അവസാനിപ്പിക്കുക, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൃത്യവും മാന്യവും ആയ ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നതും ആയിരുന്നു ഭചസ് ആവശ്യപ്പെട്ടത്. ഇതിന് സമാനമായ ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച മുഖ്യമന്ത്രിയേയും സാംസ്കാരിക വകുപ്പ് മന്ത്രിക്കെതിരെയും കേസെടുക്കണം. ഇതിനായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഭചസ് സംസ്ഥാന സമിതി തിരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശനന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി, ടി.എസ്. സേതുമാധവന്, സംസ്ഥാനസമിതി അംഗം പ്രദീപ് കുരീപ്പുഴ, സരിഗ ശശികുമാര്‍, പ്രേമന് കോഴിക്കോട്, കണ്ണന് പെരുമുടിയൂര്‍, എം.എം വത്സന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: