തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ബംഗാളി നടി ശ്രീ ലേഖ മിത്ര പരസ്യമായി രംഗത്തെത്തിയതോടെ അദ്ദേഹം രാജിവയ്ക്കുകയോ അല്ലെങ്കില്‍ പുറത്താക്കുകയോ വേണമെന്ന ആവശ്യം ശക്തമായി. ഇടതു മുന്നണിയിലെ ഒരു വിഭാഗത്തിന് രഞ്ജിത്ത് രാജിവയ്ക്കണമെന്ന അഭിപ്രായമാണുളളത്.
ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.എന്നാല്‍ രഞ്ജിത്തിന്റെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നിര്‍ണായകം.ചലച്ചിത്ര അക്കാദമിയില്‍ മുമ്പ് രഞ്ജിത്തിനെതിരെ ഒരു വിഭാഗം രംഗത്തു വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് രഞ്ജിത്തിന് അനുകൂലമായിരുവന്നതാണ് അദ്ദേഹത്തെ സംരക്ഷിച്ചത്.
രാജി സമ്മര്‍ദം ശക്തമായതോടെ രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ റിസോര്‍ട്ടില്‍നിന്ന് അദ്ദേഹം മാറിയിട്ടുണ്ട്.റിസോര്‍ട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ബോര്‍ഡ് അഴിച്ചുമാറ്റി റിസോര്‍ട്ട് വളപ്പില്‍ നിന്നും കൊണ്ടുപോയി.അതേസമയം രഞ്ജിത്തിന്റെ കോഴിക്കോട്ടെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
മന്ത്രിസഭയിലെ വനിതകളായ ആര് ബിന്ദുവും വീണാ ജോര്‍ജും അഴകൊഴമ്പന്‍ നിലപാടാണ് രഞ്ജിത്ത് വിഷയത്തില്‍ സ്വീകരിച്ചിട്ടുളളത്. സാംസ്കാരിക മന്ത്രി സജി ചെറിയാന് നടിയുടെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താം എന്ന നിലപാടിലാണ്.
അതേസമയം ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് സിപിഐ ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സിപിഐ ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: