റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിന്റെ ഉശിരന്‍ മറുപടി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഇന്നേക്ക് പിരിയുമ്പോള്‍ അഞ്ചിന് 316 എന്ന ശക്തമായ നിലയിലാണ്. അര്‍ദ്ധസെഞ്ചുറിയുമായി ലിറ്റന്‍ ദാസും(52) മുഷ്ഫിഖുര്‍ റഹീമും(55) ആണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് രണ്ടാം ദിനത്തിനൊടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. റാവല്‍പിണ്ടിയിലെ പിച്ച് മൂന്നാം ദിനം ബൗളിങ്ങിന് അനുകൂലമാകുമെന്ന വിശ്വാസമായിരുന്നു പാക് ക്യാമ്പിന്. ഷഹീന് അഫ്രീദിയും നസീം ഷായും കുറാം ഷഹ്സാദും മുഹമ്മദ് അലിയും എല്ലാം അടങ്ങുന്ന പാക് ബൗളിങ് നിര നല്ല രീതിയില്‍ അദ്ധ്വാനിച്ചെങ്കിലും പിച്ചില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചില്ല. മത്സരം 27 ഓവറിലെത്തുമ്പോഴേക്കും കഷ്ടിച്ച് 50 പിന്നിട്ട ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ വീണിരുന്നു. എങ്കിലും പതറാതെ പൊരുതിയ ബംഗ്ലാദേശ് കരുത്തോടെ പിടിച്ചു നില്‍ക്കുന്നതാണ് ഇന്നലെ റാവില്പിണ്ടിയില് കണ്ടത്.
സെഞ്ചുറിക്ക് അടുത്തുവരെയെത്തിയ ഷദ്മാന്‍ ഇസ്ലാം(93) മുന്നില്‍ നിന്ന് നയിച്ച പ്രകടനമാണ് ബംഗ്ലാ ബാറ്റിങ് നിരയ്ക്ക് ആത്മവിശ്വാസം പകര്‍ന്നത്. മൂന്നാം വിക്കറ്റില്‍ മോനിമുല്‍ ഹഖുമായി(50) ചേര്‍ന്ന് 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റില്‍ മുഷ്ഫിഖുറുമായി ചേര്‍ന്ന് 52 റണ്‍സും കൂട്ടിചേര്‍ത്തു. സെഞ്ചുറിക്ക് ഏഴ് റണ്‍സകലെ ഷാദ്മാനെ മുഹമ്മദ് അലി ബൗള്‍ഡാക്കുകയായിരുന്നു. ഈ സമയം ബംഗ്ലാ സ്കോര്‍ നാലിന് 199 എന്ന നിലയിലെത്തി. തുടര്‍ന്ന് ക്രീസിലെത്തിയ സൂപ്പര്‍ ബാറ്റര്‍ ഷാക്കിബ് അല്‍ ഹസന്(15) അധികസമയം പിടിച്ചു നിന്നില്ല. താരത്തെ സായിം അയൂബ് പുറത്താക്കി. തുടര്‍ന്നെത്തിയ ലിറ്റന്‍ ദാസ് റഹീമിനൊപ്പം ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്കോറിങ്ങിന് വേഗത കൂട്ടി.
പാകിസ്ഥാന് വേണ്ടി ഷഹ്സാദ് രണ്ട് വിക്കറ്റും നസീം ഷാ ഒരു വിക്കറ്റും വീഴ്ത്തിക്കൊണ്ട് മികച്ച സംഭാവന നല്കി. ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതാകും ഇന്ന് ഉച്ചവരെയുള്ള സമയം. ഇരു ടീമുകള്‍ക്കും ഈ സമയം അതീവ നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: