1947 ലെ ഭാരത- പാകിസ്ഥാന് വിഭജനത്തിന് ശേഷം ഭാരതം അതിവേഗം വികസിച്ചു. പുരോഗതി നേടി. കഴിഞ്ഞ 10 വര്‍ഷമായി ഭാരതത്തിലെ വളര്‍ച്ച ത്വരിതഗതിയിലാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണിന്ന് നമ്മുടെ രാജ്യം. ഭാരതത്തിന്റെ ഇപ്പോഴത്തെ ഓഹരി കമ്പോള നിക്ഷേപം 450 ലക്ഷം കോടിരൂപയാണ്. ഇത് സമീപ ഭാവിയില്‍ 600 ലക്ഷം കോടിയിലെത്തിയാല്‍ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ഐടി, ബയോ ടെക്നോളജി, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ സേവന മേഖലകളിലും മികച്ച ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമാനുഗത വളര്‍ച്ച നേടിക്കൊണ്ടാണ് ഭാരതം ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി. അവര്‍ക്ക് വര്‍ധിച്ച ആനുകൂല്യങ്ങള്‍ നല്കി. 10 കോടി കൃഷിക്കാര്‍ക്ക് വര്‍ഷംതോറും 6000 രൂപ വീതം നല്കുന്നു.
പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളായ നെല്ല്, ഗോതമ്പ്, കരിമ്പ്, ചോളം, റാഗി, റബ്ബര്‍, നാളീകേരം എന്നിവയ്ക്ക് താങ്ങുവില നല്‍കിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ പുരോഗതി കൈവരിച്ചത്. തന്മൂലം കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ആഭ്യന്തര ഉപഭോഗത്തെക്കാള് പലമടങ്ങ് വര്‍ധിച്ച് ഭാരതം ഭക്ഷ്യ-ധാന്യങ്ങള്‍ മിച്ചമുള്ള രാഷ്ട്രമായി മാറി. 2020 ഏപ്രില്‍ മുതല്‍ ഒന്‍പത് വര്‍ഷക്കാലം ഭാരതത്തിലെ 80 കോടി ജനങ്ങള്‍ക്ക് മാസംതോറും 5 കിലോ ഭക്ഷ്യ – ധാന്യം സൗജന്യമായി നല്കുന്നു. 2018 മുതല്‍ കഴിഞ്ഞ 6 വര്‍ഷം കൊണ്ട് 18 കോടി തൊഴിലവസരങ്ങള്‍ അധികമായി സൃഷ്ട്ടിച്ചു. ഇപ്പോള്‍ ഭാരതത്തിലെ തൊഴില്‍ മേഖലയിലെ കര്‍മ്മസേന 64 കോടിയാണ്. 120 ലക്ഷം യുവാക്കള്‍ വര്‍ഷംതോറും ഡിഗ്രിയും ഡിപ്ലോമയും ഐടിഐയും നേടുന്നു. ഇതില്‍ 60 ലക്ഷം പേര് പ്രൊഫഷണല്‍ യോഗ്യതയുള്ളവരാണ്. ഇതില്‍ 78 ലക്ഷം പേര്‍ക്ക് അതത് വര്‍ഷം തൊഴില്‍ ലഭിക്കുന്നു. ബാക്കിയുള്ളവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വിദേശ രാജ്യങ്ങളിലേക്കും സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്റ്റാര്‍ട്ട് അപ്പിലേക്കും തിരിയുന്നു. 2023-24 വര്‍ഷം പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രണ്ടര ലക്ഷം കോടിയുടെ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തു.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2023 – 24 ല്‍ 8.2 ശതമാനമാണ്. അമേരിക്കയുടെ വളര്‍ച്ച ഈ വര്‍ഷം 2.6ശതമാനമായി കുറഞ്ഞു. തീവ്രവാദവും അഴിമതിയുമാണ് രാജ്യ പുരോഗതിക്കെതിരായി നില്ക്കുന്ന പ്രതിബന്ധങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്നു. 2024 മെയ് മാസത്തെ തെരഞ്ഞെടുപ്പിന് മുമ്പ് അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മൂന്നാമതും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം തെറ്റായ അവകാശവാദങ്ങളില്‍ നിന്ന് ചൈന പിന്മാറി.
ബംഗ്ലാദേശില്‍ അഞ്ചാമതും തിരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച സംഭവത്തില്‍ അമേരിക്ക, ചൈന, പാകിസ്ഥാന് എന്നീ രാജ്യങ്ങളിലെ ചില ഗ്രൂപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിച്ചിരുന്നതായി അന്തര്‍ദേശീയ തലത്തിലുള്ള ചില മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീന ഇത് ആവര്‍ത്തിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയുടെ പങ്ക് നിഷേധിച്ചു. ഇക്കാര്യത്തില്‍ ചൈനയും പാകിസ്ഥാനും മൗനം പാലിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത് അയല്‍രാജ്യമായ ബംഗ്ലാദേശിലെ സംഭവ വികാസങ്ങളില്‍ ആശങ്കയുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം അര്‍ത്ഥവത്താണ്. ഭാരതം വമ്പിച്ച പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും കുതിക്കുമ്പോള്‍ ബംഗ്ലാദേശിലെ 17 കോടി ജനങ്ങള്‍ പട്ടിണിയും ദാരിദ്ര്യവുമാണ് അനുഭവിക്കുന്നത്. ഭാരതത്തിന്റെ ഭാഗമായിരുന്നു ബംഗ്ലാദേശ്. ഇവിടെ നിന്നുള്ള കുടിയേറ്റവും അഭയാര്‍ത്ഥി പ്രവാഹവും ഭാരതത്തിന്റെ വടക്കു – കിഴക്കന്‍ മേഖലയിലുള്ള അസം, പശ്ചിമബംഗാള്‍, മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇങ്ങനെ നുഴഞ്ഞു കയറിയവര്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ 34 വര്‍ഷം ഭരിച്ച സിപിഎമ്മും 13 വര്‍ഷം ഭരിച്ച മമ്ത സര്‍ക്കാരും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ ശ്രമിച്ചില്ല. പശ്ചിമബംഗാളിലെ ജനസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. ജനസംഖ്യ നിര്‍ണയം കൃത്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ മമ്ത കേരളത്തിലെ ഇടതുസര്‍ക്കാരും എതിര്‍ത്തു.
പശ്ചിമബംഗാള്‍ ഇന്ന് അധോലോക മാഫിയ സംഘങ്ങളുടെ താവളമാണ്. ഇതാണ് കൊല്‍ക്കത്തയിലെ ആര്.ജി കര് ഗവ. മെഡിക്കല്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തെളിഞ്ഞത്. തീവ്രവാദികളുടെയും ലഹരി മാഫിയകളുടെയും താവളമായി ഈ മെഡിക്കല്‍ കോളജ് മാറിയെന്ന് സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ തെളിയിക്കുന്നു. മണിക്കൂറുകള്‍ക്കകം മെഡിക്കല്‍ കോളേജ് തല്ലിത്തകര്‍ക്കാന്‍ ഏഴായിരം അധോലോക മാഫിയ സംഘങ്ങളെ കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിനുത്തരവാദിയായ മാഫിയ സംഘത്തിന് കഴിഞ്ഞു എന്നുള്ളത് സുപ്രീം കോടതിയെ പോലും ഞെട്ടിച്ചു. പശ്ചിമ ബംഗാളിലെ ക്രമസമാധാനനില രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തകര്‍ന്നതിനാല്‍ ഭരണഘടനാ അനുച്ഛേദം 356 അനുസരിച്ച് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിയ്ക്ക് അധികാരമുണ്ട്. അതിനാല്‍ രാജ്യ സുരക്ഷയെ കരുതി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും കടമയുണ്ട്. ഒപ്പം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തേയും ഭാരതം ശക്തമായി ചെറുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: