പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലെ ഭസ്മക്കുളം വീണ്ടും മാറ്റിസ്ഥാപിക്കുന്നു. പുതിയ ഭസ്മക്കുളത്തിന്റെ സ്ഥാന നിര്‍ണയവും തറക്കല്ലിടലും ഇന്ന് നടക്കും. രാവിലെ 7.30ന് നടക്കുന്ന ചടങ്ങില്‍ ദേവസ്വം സ്ഥപതി പട്ടികയില്‍ ഉള്‍പ്പെടുന്ന വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായ കെ. മുരളീധരന് ആണ് സ്ഥാന നിര്‍ണയം നടത്തുക.
തുടര്‍ന്ന് ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പുതിയ ഭസ്മക്കുളത്തിനായുള്ള തറക്കല്ലിടലും നടക്കും.
തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ സന്നിഹിതനാവും. ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായി കണക്കാക്കുന്നതിനാല്‍ തന്ത്രിയുടെ അനുവാദത്തോടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുമാണ് ഭസ്മക്കുളം മാറ്റി സ്ഥാപിക്കുക.
ഇപ്പോഴുള്ള ഫ്ളൈ ഓവറിന് താഴെയായിരുന്നു ആദ്യം ഭസ്മക്കുളത്തിന്റെ സ്ഥാനം. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് ഇതു മാറ്റിസ്ഥാപിച്ചത്.
മലിനജലമെത്തുന്നു എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശുദ്ധിയും പവിത്രതയും നിലനിര്‍ത്താന്‍ ഭസ്മക്കുളം മാറ്റി സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: