ന്യൂദല്‍ഹി: ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒളിംപിക്സ് മെഡല്‍ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫൊഗാട്ടിന് ദല്‍ഹിയില്‍ സ്വീകരണം.
പാരീസില്‍ നിന്ന് എത്തിയ വിനേഷിനെ ഹരിയാനയില്‍ നിന്നുള്ള മുന്‍ ഗുസ്തി താരങ്ങളായ സാക്ഷിമാലിക്കും ബജ്രംഗ് പൂനിയയും അടക്കമുള്ളവര്‍ സ്വീകരിച്ചു. വാഹനത്തിന്റെ മുകളില്‍ കയറിനിന്ന് സ്വീകരണങ്ങളേറ്റുവാങ്ങിയ വിനേഷ് എല്ലാവര്ക്കും നന്ദി പറഞ്ഞു. അതിനിടെ വാഹനത്തിലെ ദേശീയപതാകയില്‍ ചവിട്ടിനിന്ന് ബജ്രംഗ് പൂനിയ മാധ്യമങ്ങളോട് സംസാരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
നിയമസഭയില്‍ മതിയായ അംഗങ്ങളായാല്‍ വിനേഷ് ഫൊഗാട്ടിനെ രാജ്യസഭയിലേക്ക് എത്തിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്ക്കുന്ന വേളയില്‍ ജാട്ട് വോട്ടുകള്‍ തട്ടിയെടുക്കാനുള്ള രാഷ്ട്രീയ നാടകമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ പ്രസ്താവനയെ വിനേഷിന്റെ അമ്മാവന് മഹാവീര്‍ ഫൊഗാട്ട് തള്ളിക്കളഞ്ഞു. രാഷ്ട്രീയ നാടകമാണ് പ്രസ്താവനയെന്ന് മഹാവീര്‍ ഫൊഗാട്ട് കുറ്റപ്പെടുത്തി.
ഹരിയാന സര്‍ക്കാര്‍ വിനേഷ് ഫൊഗാട്ടിനൊപ്പമാണെന്നും വിനേഷ് ഹരിയാനയുടെ പ്രീയപ്പെട്ട പുത്രിയാണെന്നും മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: