സ്റ്റോക്ഹോം: എംപോക്സ് രോഗികളുടെ എണ്ണവും മരണവും ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് എംപോക്സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച്
ലോകാരോഗ്യസംഘടനയുടെ ഇടപെടൽ. നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ.
clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നിൽ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗംബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
എംപോക്സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു പിന്നാലെ സ്വീഡനിലും പാകിസ്ഥാനിലും രോഗബാധ സ്ഥിരീകരിച്ചു. പാകിസ്ഥാനില്‍ രണ്ടും സ്വീഡനില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വീഡനിലെ രോഗി ആഫ്രിക്കയിലെ പനിബാധിത മേഖല സന്ദര്‍ശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന.
രോഗം സ്ഥീരികരിച്ച പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയില്‍, യുഎഇയില്‍ നിന്നെത്തിയവരിലാണ് രോഗം സ്ഥീരികരിച്ചത്. വെെറസിന്റെ ഏത് വകഭേദമാണ് കണ്ടെത്തിയതെന്ന് വ്യക്തമല്ല. രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും മൂന്നാമത്തെയാളുടെ സാമ്പിളുകള്‍ ഇസ്ലാമാബാദിലെ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ഖൈബർ പഖ്തൂൺഖ്വ ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ സലിം ഖാൻ പറഞ്ഞു.
മുമ്പത്തെ എംപോക്സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദഗ്ധർ പറയുന്നുണ്ട്. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണമെങ്കിൽ ഇപ്പോഴത്തേത് നേരിയതോതിൽ ജനനേന്ദ്രിയ ഭാഗത്ത് കുമിളകൾ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയാൻ വൈകുന്നുവെന്നും വിദഗ്ധർ കണക്കാക്കുന്നു.
രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ആഗോളതലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സമിതി യോഗം ചേര്‍ന്ന് നിലിവിലെ സ്ഥിതിഗതികള്‍ സുക്ഷ്മമായി വിലയിരുത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
കോംഗോയിൽ ഇതുവരെ 450 പേര് എംപോക്സ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യ, കിഴക്കൻ ആഫ്രിക്കയുടെ ഭാഗങ്ങളിലും രോഗം പടരുന്നുണ്ട്. 13 ആഫ്രിക്കൻ രാജ്യങ്ങളിൽ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പുതിയ വകഭേദം ഇപ്പോഴും പടരുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. കോംഗോയിൽ നിന്ന് അതിവേഗം മറ്റുരാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാനിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്.
പുതിയ വകഭേദം വേഗത്തിൽ വ്യാപിക്കുന്നതിലും ഉയർന്ന മരണനിരക്കിലും ആശങ്കയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലും മറ്റുരാജ്യങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈ വർഷം ഇതുവരെ 17,000ലധികം എംപോക്സ് കേസുകളും 517 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കേസുകളിൽ 160 ശതമാനം വർധനവുണ്ടായതായി ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിച്ചു.
ദശകങ്ങളായി കോംഗോയിൽ എംപോക്സ് വ്യാപനമുണ്ട്. എന്നൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾമാത്രം കഴിഞ്ഞവർഷം മൊത്തത്തിൽ ഉണ്ടായതിനേക്കാൾ കൂടുതലാണ്. മങ്കിപോക്സ് എന്ന പേരിനുപിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: