ബെംഗളൂരു: മെസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. സാമൂഹിക പ്രവർത്തകരായ പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ, മലയാളിയായ ടി.ജെ. അബ്രഹാം എന്നിവർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയെന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.
അഴിമതി ആരോപണങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആഴവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് ഒരു മാസം മുമ്പ് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയവും പാസാക്കി. മുഖ്യമന്ത്രിക്കെതിരെ നല്കിയ നോട്ടീസ് പിൻ വലിക്കണമെന്ന് ഗവർണറോട് ഉപദേശിച്ച സർക്കാർ നടപടി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യലാണെന്നും ആരോപിച്ചു.
മുഡ അഴിമതി
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ ഉടമസ്ഥതയിലുള്ള മൈസൂരു കേസരു വില്ലേജിലെ 3.16 ഏക്കര്‍ ഭൂമിയാണ് വിവാദ കേന്ദ്രം. ഈ സ്ഥലം ഒരു ലേഔട്ട് വികസനത്തിനായി മുഡ ഏറ്റെടുത്തു, പാര്‍വതിക്ക് 50:50 പദ്ധതി പ്രകാരം നഷ്ടപരിഹാരമായി 2022ല്‍ വിജയനഗറില്‍ 14 പ്രീമിയം സൈറ്റുകള്‍ അനുവദിച്ചു. എന്നാല്‍, പാര്‍വതിക്ക് അനുവദിച്ച സ്ഥലത്തിന് മുഡ ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ കൂടുതല്‍ സ്വത്ത് വിലയുണ്ടെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഏറ്റെടുത്ത ഭൂമിയില്‍ പാര്‍വതിക്ക് നിയമപരമായ അവകാശമില്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. ജൂലൈയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് അന്വേഷിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. ദേശായിയുടെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. ഭൂമി നല്കിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണര്‍ക്ക് എബ്രഹാം ആഗസ്റ്റില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.
ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്. പാര്‍വതി നല്കിയ ഭൂമിയില്‍ ദേവന്നൂര്‍ ലേഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറില്‍ അവര്‍ക്കു 38,284 ചതുരശ്ര അടി പകരം നല്കി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കര്‍ണാടക സര്‍ക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.
ഇതിനിടെ സിദ്ധരാമയ്യയ്ക്കെതിരെയുള്ള രണ്ട് സ്വകാര്യ ഹര്‍ജികള്‍ പ്രത്യേക കോടതി പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സിദ്ധരാമയ്യ പറയുന്നത്. എന്നാല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കുറ്റം ബിജെപിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: