ന്യൂദല്‍ഹി: ആഗോളതലത്തിലെ ഇരുണ്ട സാഹചര്യങ്ങള്‍ക്കിടയിലും അവസരങ്ങളുടെ കാര്യത്തില്‍ ഭാരതത്തിന് ഇത് സുവര്‍ണ കാലഘട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ അവസരം പ്രയോജനപ്പെടുത്തി മുന്നോട്ട് പോയാല്‍ സുവര്‍ണ ഭാരതം എന്ന അഭിലാഷം നിറവേറ്റുകയും 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും. 2047ല്‍ വികസിത ഭാരത് എന്നത് വെറും വാക്കുകളല്ല, മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് സെക്കുലര്‍ സിവില്‍ കോഡ് ആവശ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിലെ സിവില്‍ കോഡ് സാമുദായിക സിവില്‍ കോഡിനോട് സാമ്യമുള്ളതാണ്, അത് വിവേചനപരമാണ്. നമ്മുടെ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും വിവേചനം വളര്‍ത്തുകയും ചെയ്യുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ല. 75 വര്‍ഷത്തെ സാമുദായിക സിവില്‍ കോഡിന് ശേഷം, ഒരു സെക്കുലര്‍ സിവില്‍ കോഡിലേക്ക് നീങ്ങേണ്ടത് നിര്‍ണായകമാണ്. ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. സെക്കുലര്‍ സിവില്‍ കോഡുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും നാം സ്വാഗതം ചെയ്യണം. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഉള്‍ക്കൊള്ളാന്‍ ഭാരതം മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ വികസനം ആര്‍ക്കും ഭീഷണിയല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടേത് ബുദ്ധന്റെ നാടാണ്, യുദ്ധം നമ്മുടെ പാതയല്ല. അതുകൊണ്ട് ലോകം ആശങ്കപ്പെടേണ്ടതില്ല. സമാധാനത്തോടുള്ള പ്രതിബദ്ധത നമ്മുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് നമ്മുടെ 140 കോടി പൗരന്മാരുടെ പ്രാഥമിക പരിഗണനയാണ്. അയല്‍ രാജ്യങ്ങള്‍ സംതൃപ്തിയുടെയും സമാധാനത്തിന്റെയും പാത പിന്തുടരണമെന്നാണ് ഭാരതം എപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുടുംബാംഗങ്ങളെ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനായി ജീവന് ബലിയര്‍പ്പിച്ചവരെ അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്കൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2036ല്‍ ഭാരതം ഒളിംപിക്സിന് വേദിയാകണമെന്നത് രാജ്യത്തിന്റെ സ്വപ്നമാണെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാരിസ് ഒളിംപിക്സില്‍ പങ്കെടുത്ത കായികതാരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പാരാലിംപിക്സില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് ആശംസയും അറിയിച്ചു. അഴിമതിയും സ്വജനപക്ഷപാതവും വച്ചുപൊറുപ്പിക്കില്ല. ചിലര്‍ അഴിമതിയെ മഹത്വവല്‍ക്കരിക്കുന്നു. ചിലര്‍ എല്ലാത്തിലും പ്രതിലോമകത കാണുന്നു. അവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: