തിരുവനന്തപുരം: ബീമാപള്ളി പ്രദേശത്തെ കൊലപാതകത്തിലെ ഒന്നാം പ്രതി ഇനാസിനെ പൊലീസ് പിടികൂടി. ഇയാളുടെ സഹോദരന് ഇനാദ് ഒളിവിലാണ്.
വെളളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ബീമാപ്പള്ളി സ്വദേശി ഷിബിലിയെ കുത്തിക്കൊലപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
നിരവധി മോഷണക്കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ഷിബിലിയെ കുത്തി വീഴ്ത്തിയത് മുന്‍ സുഹൃത്തുക്കളാണ്.അടിക്കേസില്‍ റിമാന്‍ഡില്‍ പോയ ഷിബിലി ജാമ്യത്തിലിറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്.പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട അവിവാഹിതനായ ഷിബിലി നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബീമാപള്ളി സ്വദേശികളും സഹോദരങ്ങളുമായ ഇനാസും ഇനാദും ഷിബിലിയുമായി വാക്കു തര്‍ക്കം ഉണ്ടായതാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കുറച്ച് ദിവസം മുമ്പ് ഷിബിലി ഇനാസിനെ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ബീമാപ്പള്ളിക്ക് സമീപം വീണ്ടും ഏറ്റമുട്ടലുണ്ടായി. രാത്രിയില്‍ കടല്‍ത്തീരത്തേക്ക് പോകുന്ന വഴിക്കിറങ്ങിയ ഷിബിലിയെ ഇനാസും ഇനാദും സുഹൃത്തുക്കളും ആക്രമിച്ചുവെന്നാണ് പൊലിസിന് ലഭ്യമായിട്ടുളള വിവരം. ഷിബിലിയെ കുത്തിവീഴ്ത്തിയ ശേഷം ഇനാസും ഇനാദും കടന്നുകളഞ്ഞു.ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ആരൊക്കെയാണെന്ന് പൊലീസിന് ഇതേവരെ വിവരമില്ല.
രക്ഷപ്പെട്ട പ്രതികള്‍ വിഴിഞ്ഞത്തെത്തി കൊലപാതകം നടത്തിയ വിവരം ഒരാളോട് പറഞ്ഞു. ഷിബിലി രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിവരം പൂന്തുറ പൊലീസിന് ലഭിക്കുന്നത് അര്‍ദ്ധരാത്രിയാണ്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: