കൊൽക്കത്ത: സർക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ച് കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. ഞങ്ങൾക്ക് വേണ്ടത് നഷ്ടപരിഹാരമല്ല നീതിയാണെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. എന്റെ മകളുടെ മരണത്തിന് പകരമായി ഞാൻ പണം സ്വീകരിച്ചാൽ അത് അവളെ അപമാനിക്കുന്നതിന് തുല്യമാണ്. ഭാവിയിലും ഞങ്ങളത് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്. ചെസ്റ്റ് മെഡിസിനിൽ എംഡി പഠിക്കാൻ സർക്കാർ കോളേജിൽ പ്രവേശനം കിട്ടുന്നതിനായി രണ്ടു വർഷമാണ് അവൾ പരിശ്രമിച്ചത്. അവൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു – ജെഎൻഎം കല്യാണി മെഡിക്കൽ കോളേജ്, ആർജി കാർ. എന്നലവൾ ദൂരമുണ്ടെങ്കിലും മികച്ച സൗകര്യങ്ങളുള്ള ആർജി കാർ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനായിരുന്നോ ഞങ്ങൾ അവളെ കൊൽക്കത്തയിലെ സർക്കാർ നടത്തുന്ന സർക്കാർ ആശുപത്രിയിലേക്ക് അയച്ചത്? പിതാവ് ചോദിച്ചു.
വ്യാഴാഴ്ച, സിബിഐ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ഇരയുടെ കൈയക്ഷര ഡയറി എടുക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുടുംബം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് സി.ബി.ഐ. ഉറപ്പു നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളെ പിന്തുണച്ചവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ ചോദ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പറയാൻ സാധിക്കില്ല. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ വൻതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആദ്യഘട്ടത്തിൽ കേസന്വേഷിച്ച പോലീസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാൽ പിന്നീട് ഇത് തിരുത്തുകയായിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: