സജികുമാര്‍ കുഴിമറ്റം
ആഗസ്ത് 17ന് ശനിയാഴ്ച മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്ഷത്തില് പുതിയ നൂറ്റാണ്ട്(പതിമൂന്നാം നൂറ്റാണ്ട്) പിറക്കുകയാണ്. ലോകമെമ്പാടും രണ്ടു രീതിയിലുള്ള കലണ്ടര്‍ സമ്പ്രദായങ്ങളാണ് നിലവിലുള്ളത്. ഒന്ന് സൂര്യാസ്പദമായ സൗരവര്‍ഷവും രണ്ട് ചാന്ദ്ര മാസങ്ങളെ ആസ്പദമാക്കിയും. എന്നാല്‍ കേരളത്തിന്റെ തനതു കലണ്ടറായ കൊല്ലവര്‍ഷമാകട്ടെ ഒരേ സമയം സൗരവും ചാന്ദ്രവുമാണ്. സൗര-ചാന്ദ്രാധിഷ്ഠിതമായി തയ്യാറാക്കപ്പെടുന്ന മറ്റേതെങ്കിലും കലണ്ടര്‍ നിലവിലുണ്ടോ എന്നത് സംശയമാണ്.
വാരം, നക്ഷത്രം, തിഥി, നിത്യയോഗം, കരണം എന്നിങ്ങനെ ഒരു ദിനത്തിന്റെ അടിസ്ഥാനപരമായ അഞ്ചു കാര്യങ്ങളെ ആധാരമാക്കി, സൂര്യന്റെ രാശിസംക്രമങ്ങള്‍ കൃത്യമായി ഗണിച്ചു തിട്ടപ്പെടുത്തിയും തയ്യാറാക്കിയിരുന്ന കൊല്ലവര്ഷ കലണ്ടര്‍ പഞ്ചാംഗം(ALMANAC) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് പഞ്ചാംഗം ഭാവിഫലപ്രവാചകരായ ജ്യോതിഷികളുടെ കൈപ്പുസ്തകമായി മാറുകയും സാംസ്കാരിക സംഘടനകള്‍ പാശ്ചാത്യ മാതൃകയില്‍ ഭിത്തിയില്‍ തൂക്കുന്ന ഷീറ്റ് കലണ്ടറുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. കേരളീയ കലണ്ടറില്‍ വന്ന കാലത്തിന്റെ മാറ്റം ഇതാണെങ്കില്‍, ഗണിതരീതികള്‍ പരഹിതത്തില്‍ നിന്നു ദൃക്സിദ്ധത്തിലേക്കും കംപ്യൂട്ടര്‍ കൃത്യതയുള്ള സൂക്ഷ്മദൃക്സിദ്ധത്തിലേക്കും പരിവര്‍ത്തിച്ചിരിക്കുന്നു എന്നതു മാത്രമാണ് അടിസ്ഥാനപരമായി കേരളീയ കലണ്ടറില്‍ വന്ന മാറ്റം.
കൊല്ലവര്‍ഷം 1199 കര്‍ക്കടകം 32 ന് ശുക്രവാരത്തില്‍(2024 ആഗസ്ത് 16 വെള്ളിയാഴ്ച) ഉദയാല്പ്പരം 33 നാഴിക 40 വിനാഴികയ്ക്ക്(രാത്രി 7 മണി 46 മിനുട്ട്) ധനുക്കൂറില്‍ പൂരാടം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലാണ് ചിങ്ങരവിസംക്രമം. കൊല്ലവര്‍ഷത്തിന്റെ തുടക്കം ചിങ്ങം മുതല്‍ക്കാണല്ലോ. അതിനാല്‍ മലയാളക്കരയുടെ പുതിയ നൂറ്റാണ്ടു പിറവി 2024 ആഗസ്ത് 17 ശനിയാഴ്ചയാണ്. കൊല്ലവര്ഷ കലണ്ടര്‍ മുന്നോട്ടും പിന്നോട്ടും ഗണിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമാണ് കലിസംഖ്യ. അതിനാല്‍ നൂറ്റാണ്ടു പിറവിയിലെ കലിസംഖ്യ കൂടി ഇവിടെ രേഖപ്പെടുത്തട്ടെ-18,72,074.
എഡി 825 ആഗസ്ത് 25-ന് ആണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം, പന്തലായനി കൊല്ലം എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ടാണു കൊല്ലവര്‍ഷത്തിന്റെ ഉദ്ഭവമെന്ന തരത്തില്‍ പലവിധ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തി പന്തലായനി കൊല്ലത്തുവച്ച് രാജ്യം പങ്കിട്ടതിന്റെ സ്മരണയ്ക്കാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് ച്രിത്രകാരനായ കാന്റര്‍ വിഷറുടെ വാദം.
കേരളീയ ചരിത്രകാരനായ ശങ്കുണ്ണി മേനോന് അഭിപ്രായപ്പെട്ടത് 825 ആഗസ്ത് 15ന് തിരുവിതാംകൂര്‍ രാജാവായ ഉദയമാര്‍ത്താണ്ഡവര്‍മ്മ കൊല്ലത്തുവച്ച് ഒരു സമ്മേളനം വിളിച്ചു ചേര്‍ത്ത് പുതിയ സംവത്സരത്തിനു തുടക്കമിട്ടു എന്നാണ്.
വേണാടും കോലത്തുനാടും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചിങ്ങം ഒന്ന്, കന്നി ഒന്ന് എന്നീ തീയതികളെ ആസ്പദമാക്കി തെക്കും വടക്കും പുതിയ സംവത്സരത്തിനു തുടക്കമായെന്നാണ് ലോഗന്റെ അഭിപ്രായം.
ശങ്കരാചാര്യര്‍ ശങ്കരസ്മൃതി രചിച്ച വര്‍ഷമാണ് കൊല്ലവര്‍ഷത്തിന്റെ ആരംഭമായതെന്നാണ് കേരളോല്‍പ്പത്തിയിലെ വാദം. എഡി 825ല്‍ നസ്രാണികള്‍ കൊല്ലത്തു പാര്‍പ്പുറപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി പുതിയ വര്‍ഷം തുടങ്ങിയെന്നും തെക്ക് കുരക്കേണിക്കൊല്ലം, വടക്ക് പന്തലായനിക്കൊല്ലം എന്നീ പട്ടണങ്ങള്‍ സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായി തെക്കും വടക്കും പുതിയ വര്‍ഷം തുടങ്ങി എന്നിങ്ങനെ ഒട്ടനവധി സിദ്ധാന്തങ്ങള്‍ കൊല്ലവര്‍ഷത്തിന്റെ പിറവിയെ സംബന്ധിച്ചുണ്ട്. എന്നാല്‍ ഈ വാദങ്ങളൊന്നും ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ സാധൂകരിക്കപ്പെടുന്നവയല്ല.
ഉത്തരഭാരതത്തില്‍(വിശിഷ്യാ കശ്മീരില്‍) നിലനിന്നിരുന്ന സപ്തര്‍ഷി വര്‍ഷത്തില്‍ നിന്നാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്ന പ്രൊഫ. സുന്ദരംപിള്ളയുടെ വാദത്തിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സാധുതയുള്ളത്. ഓരോ പത്തു നൂറ്റാണ്ടു കഴിയുമ്പോഴും(ആയിരം വര്‍ഷം കൂടുമ്പോള്‍) ഒന്നില്‍ നിന്നു വര്‍ഷം ആവര്‍ത്തിക്കുന്നതാണ് സപ്തര്‍ഷി വര്‍ഷത്തിന്റെ പൊതുരീതി. അങ്ങനെയെങ്കില്‍ സപ്തര്‍ഷി വര്‍ഷം സഹസ്രാബ്ദം തികഞ്ഞ എഡി 825 ലെ ചൈത്രമാസത്തില്‍ കൊല്ലവര്‍ഷം തുടങ്ങി എന്നു കരുതാം. ഇടയ്ക്കെപ്പോഴോ വര്‍ഷാരംഭം കേരളീയമായ രീതിയില്‍ ചിങ്ങം ഒന്നിനു പുനക്രമീകരിക്കപ്പെട്ടതുമാകാനാണ് സാധ്യത കൂടുതല്‍. കൊല്ലം എന്ന പദത്തിന് കൊല്ലം സ്ഥലനാമം പോലെ വര്‍ഷം എന്ന അര്‍ത്ഥത്തില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കാറുണ്ടെന്നതും പരിഗണിക്കണം.
ഗ്രീഗോറിയന് കലണ്ടറിലേതു പോലെ പന്ത്രണ്ടു മാസങ്ങളും ഞായര്‍ മുതല്‍ ശനി വരെ ഏഴു ദിവസങ്ങളുള്ള ആഴ്ചയും തന്നെയാണ് കൊല്ലവര്‍ഷത്തിലും. സൂര്യന് സഞ്ചരിക്കുന്ന 12 രാശികളായ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെയാണ് കൊല്ലവര്‍ഷത്തിലെ 12 മാസങ്ങള്‍ക്ക് പേരുകള്‍. 28 മുതല്‍ 32 ദിവസം വരെ മാസദൈര്‍ഘ്യം വ്യത്യാസപ്പെടുമെന്നതാണ് കൊല്ലവര്‍ഷത്തെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം. ദിവസങ്ങളെ 27 നക്ഷത്രങ്ങളുമായും കൊല്ലവര്ഷത്തില് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പിറന്നാള്‍, ഉത്സവം, ശ്രാദ്ധം തുടങ്ങിയ സുപ്രധാനകാര്യങ്ങള്ക്കെല്ലാം ഇപ്പോഴും ഹിന്ദുവിശ്വാസികള്‍ ആധാരമാക്കുന്നത് കൊല്ലവര്‍ഷം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: