ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. സൈനിക അട്ടിമറിയിലൂടെ ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായി ഭാരതത്തില്‍ അഭയം പ്രാപിച്ചതിനെത്തുടര്‍ന്ന് ഈ മാസം അഞ്ചിന് ആരംഭിച്ച ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണങ്ങളാണ് ഇന്നലെയും തുടര്‍ന്നത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ താക്കൂര്ഗാന് സാദറില്‍ കാലേശ്വര് ബര്‍മന്റെ വീടാണ് അക്രമികള്‍ തകര്‍ത്തത്. അക്രമികള്‍ വീട് വളയുകയും തീയിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതായി അക്ച യൂണിയന് പരിഷത്ത് ചെയര്മാന് സുബ്രതാ കുമാര്‍ ബര്മന് വാര്‍ത്താലേഖകരോട് പറഞ്ഞു.
രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി താക്കൂര്ഗാന് പോലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് എബിഎം ഫിറോസ് വാഹിദ് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തയാളായിരുന്നു കാലേശ്വര് ബര്മനെന്ന് സുബ്രതാ ബര്മന് പറഞ്ഞു.
48 ജില്ലകളിലായി 278 കേന്ദ്രങ്ങളിലാണ് ഹിന്ദുക്കള്‍ക്കെതിരെ അക്രമം അരങ്ങേറിയത്. ആക്രമണങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു. ഇത് ഹിന്ദുക്കള്‍ക്കെതിരെയുള്ള വെറുമൊരു ആക്രമണമല്ല, മറിച്ച് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു ഗ്രാന്റ് അലൈന്‍സ് വക്താവ് പാലാഷ് കാന്തിദേവ് പറഞ്ഞു. ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനായി ചുമതലയേറ്റ മുഹമ്മദ് യൂനുസ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം പാഴായി എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറൈസ് രൂക്ഷമായി വിമര്‍ശിച്ചു. വംശീയ അക്രമങ്ങള്‍ക്ക് എതിരെ നിലപാട് സ്വീകരിക്കണമെന്ന് സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫാര്ഹന് ഖക്ക് പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് സെക്രട്ടറി ജനറലിന്റെ നിലപാടെന്താണെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് വക്താവ് ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: