തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഡിസി) ആഗസ്റ്റ് 23 കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്റെ ലോഗോ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിലാണ് ഏകദിന സമ്മേളനം നടക്കുന്നത്.
2025 ജനുവരിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കു മുന്നോടിയായി വ്യത്യസ്ത മേഖലകള്‍ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളില്‍ രണ്ടാമത്തേതാണിതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഐബിഎമ്മുമായി ചേര്‍ന്ന് ജൂലായില്‍ കൊച്ചിയില്‍ നടത്തിയ ജെനറേറ്റീവ് എഐ അന്താരാഷ്ട്ര സമ്മേളനം ഈ പ്രവര്‍ത്തന പരമ്പരയുടെ ആദ്യ പടിയായിരുന്നു. വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍, നയകര്‍ത്താക്കള്‍ എന്നിവര്‍ക്കിടയില്‍ മികച്ച അവബോധം സൃഷ്ടിക്കാനും ഇന്‍ഡസ്ട്രി 4.0 യിലേക്ക് മികച്ച സംഭാവന നല്‍കാനും ഈ സമ്മേളനത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജെന്‍ എഐ സമ്മേളനത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ സംരംഭകരെ ഒന്നിച്ചു ചേര്‍ത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകര്‍ഷിച്ചു. 12,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭകര്‍ സംസ്ഥാനത്ത് നടത്തുന്നത്. എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളാനും അതിന്റെ ഡെസ്റ്റിനേഷനായി മാറാനുമുള്ള കേരളത്തിന്റെ പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരിക്കും റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനം.
ലോഗോ പ്രകാശന ചടങ്ങില്‍ പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക്സ് അഫയേഴ്സ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന് ആര്, വ്യവസായ വകുപ്പ് സ്പെഷ്യല്‍ ഓഫീസര്‍ ആനി ജൂലാ തോമസ് കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്, കെഎസ്ഐഡിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുനി പി എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: