ന്യൂദല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബിപുരി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും.
റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ പറഞ്ഞു. ഭാരതത്തില്‍ നടത്തിയ വിവിധ ലംഘനങ്ങള്‍ക്ക് ഹിന്‍ഡെന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി നല്‍കുന്നതിനുപകരം സെബിയുടെ വിശ്വാസ്യത തകര്‍ക്കാനും സെബി ചെയര്‍പേഴ്സണെ സ്വഭാവഹത്യ നടത്താനും ശ്രമിക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
തങ്ങള്‍ക്കെതിരേ ഹിന്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ശക്തമായി നിഷേധിക്കുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കിയത് ദുസ്സൂചനയോടെയാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയാറാണ്. ഹിന്ഡെന്ബെര്ഗിനെതിരേ എന്‍ഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തതിന്റെ പ്രതികരമായാണ് ഈ വ്യക്തഹത്യയെന്നും മാധബിപുരി ബുച്ച് പ്രസ്താവനയില്‍ പറഞ്ഞു.
മാധബി ബുച്ചിനെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് തെറ്റിദ്ധാരണയും വിവാദങ്ങളും പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. തെറ്റിദ്ധാരണ സൃഷ്ടി ക്കാനും വിവാദമുണ്ടാക്കി അതില്‍ കുരുക്കാനും മാത്രമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോട്ടില്‍ ആരോപിക്കുന്നത്. നേരെത്തയും ഹിന്‍ഡെന്‍ബര്‍ഗ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: