ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി എട്ട് പുതിയ റെയില്‍വേ ലൈനുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 24,657 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പിഎം-ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് പദ്ധതി.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 14 ജില്ലകളിലൂടെയാണ് ഈ പുതിയ ലൈനുകള്‍ കടന്നുപോകുന്നത്. ഈ ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റെയില്‍വേയുടെ നിലവിലുള്ള ശൃംഖലയില്‍ 900 കിലോമീറ്റര്‍ വര്‍ധനവുണ്ടാകും. 64 പുതിയ സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ഗ്രാമങ്ങളുമായുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം സുഗമമായ സഞ്ചാരവും ചരക്ക് കൈമാറ്റവും ഉറപ്പാക്കുന്നതാണ് പദ്ധതികള്‍. ഗുണുപൂര്‍-തെരുബാലി, ജുനഗര്‍-നബ്രംഗ്പൂര്‍, ബദാംപഹാര്‍-കന്ദുജാര്‍ഗഡ്, കിയോഞ്ജര്‍ ആന്‍ഡ് മയൂര്‍ഭഞ്ച്, ബംഗ്രിപോസി-ഗോരുമാഹിസാനി, മല്‍ക്കന്‍ഗിരി-പാണ്ഡുരംഗപുരം (ഭദ്രാചലം വഴി), ബുരാമര-ചകുലിയ, ജല്‍ന-ജല്‍ഗാവ്, ബിക്രംശില-കതാരെ എന്നിവയാണ് പുതിയ ലൈനുകള്‍.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്നു കോടി വീടുകള്‍ നിര്‍മിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടുകള്‍ക്ക് പുറമെയാണിത്. പിഎംഎവൈ-ഗ്രാമീണിന് കീഴില്‍ രണ്ട് കോടി വീടുകളും പിഎംഎവൈ-അര്‍ബന്‍ കീഴില്‍ ഒരുകോടി വീടുകളുമാണ് നിര്‍മിക്കുക.
സംയോജിത ഹോട്ടികള്‍ച്ചര്‍ വികസന മിഷന്റെ കീഴിലുള്ള ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 1,765.67 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുക. സസ്യങ്ങളിലെ വൈറസുകളാണ് ഒരു പ്രധാന പ്രശ്നം. ഇത് ഉത്പാദനക്ഷമത കുറയ്ക്കും. ഇത് പരിഹരിക്കുന്നതിനായി ഒമ്പത് സ്ഥാപനങ്ങളെ ക്ലീന്‍ പ്ലാന്റ് കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ ശുദ്ധമായ മാതൃനടീല് വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി 75 നഴ്സറികള്‍ സ്ഥാപിക്കും
.
ജൈവ ഇന്ധന മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ക്കൊപ്പം തുല്യവേഗതയില്‍ മുന്നേറുന്നതിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി, പരിഷ്കരിച്ച പ്രധാന്‍മന്ത്രി ജീ-വന്‍ യോജനയ്ക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. മികച്ച നിലവാരമുള്ള ജൈവ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ജീ-വന്‍ യോജനയ്ക്ക് അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: