ന്യൂദല്‍ഹി: കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായി ടി.വി. സോമനാഥനെ നിയമിച്ചു. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. 1987 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സോമനാഥന് നിലവില്‍ കേന്ദ്രധനകാര്യ സെക്രട്ടറിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമനകാര്യ മന്ത്രിസഭാ യോഗമാണ് പുതിയ ക്യാബിനറ്റ് സെക്രട്ടറിയെ തീരുമാനിച്ചത്.
നിലവിലെ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിരമിക്കുന്ന ആഗസ്ത് 30 ന് ടി.വി. സോമനാഥന് ചുമതലയേല്‍ക്കും. അതുവരെ ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പദവിയിലേക്ക് അദ്ദേഹത്തെ നിയമിച്ചു. 2019 ആഗസ്ത് 30ന് ക്യാബിനറ്റ് സെക്രട്ടറി പദവിയിലെത്തിയ രാജീവ് ഗൗബ അഞ്ചുവര്‍ഷം തുടര്‍ന്ന ശേഷമാണ് വിരമിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായും ചെന്നൈ മെട്രോ റെയില്‍ എംഡിയായും പ്രവര്‍ത്തിച്ച ടി.വി. സോമനാഥന്, ലോകബാങ്ക് ഡയറക്ടര്‍, പിഎംഒയിലെ ജോയിന്റ് സെക്രട്ടറി, കേന്ദ്ര ധനകാര്യ എക്സ്പെന്‍ഡീച്ചര്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: