ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പഞ്ചാബില്‍ നിന്നുള്ള രണ്ടു തൊഴിലാളികളെ കൊന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി നാല് ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബ ഹാന്ഡ്ലര് ഉള്‍പ്പെടെ നാല് ഭീകരരാണ് പ്രതികള്‍. ലഷ്കര്‍ ഇ തൊയ്ബയും ഇതിന്റെ ശാഖയായ ദി റസിസ്റ്റന്‍സ് ഫ്രണ്ടും ചേര്‍ന്നാണ് ഇവരെ വധിച്ചത്.
ഫെബ്രുവരി ഏഴിന് ശ്രീനഗറില്‍ വച്ച് അമൃത്പാല്‍ സിങ്, രോഹിത് മസിഹ് എന്നീ രണ്ട് തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ആദില്‍ മന്‍സൂര്‍ ലാംഗൂ എന്ന ഭീകരന് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും അമൃത്പാല്‍ സിങ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രോഹിത് മസിഹ് അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. ഇരുവരും അമൃത്സറിലെ ചാംയാരി സ്വദേശികളായിരുന്നു.
ആദില്‍ മന്‍സൂര്‍ ലാംഗുവിനെക്കൂടാതെ അഹ്റാന്‍ റസൂല്‍ ദാര്‍, ദാവൂദ്, അവരുടെ പാകിസ്താന് ഹാന്ഡ്ലര് ജഹാംഗീര്‍ എന്ന പീര്‍ സാഹബ് എന്നീ ഭീകരര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി ജമ്മുവിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കി.
കശ്മീര്‍ താഴ്വരയില് മുമ്പ് നടന്ന ഭീകരാക്രമണങ്ങളിലും ആദില്‍ മന്‍സൂറിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: