ബെംഗളൂരു: വയനാട്ടിന് കൈത്താങ്ങായി ആന്റണി സ്വാമിയും. ബെംഗളൂരു കല്‍പ്പള്ളി വൈദ്യുതി ശ്മശാനത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി താല്‍ക്കാലിക ജോലി ചെയ്തു വരുന്ന കുട്ടി എന്നറിയപ്പെടുന്ന ആന്റണി സ്വാമി അദ്ദേഹത്തിന്റെ പത്ത് മാസത്തെ വേതനം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി.
ഭാര്യ ശാന്തി.എ, മക്കളായ ഭാനുപ്രിയ.എ, സിന്ധു.എ എന്നിവര്‍ ചേര്‍ന്ന് 1,05,500 രൂപയുടെ (ഒരു ലക്ഷത്തി അയ്യായിരത്തി അഞ്ഞുറ്) ചെക്ക് നോര്‍ക്ക വികസന ഓഫിസര്‍ റീസ രഞ്ജിത്തിന് കൈമാറി. ചടങ്ങില്‍ കെപിസിസി സ്പോക്ക്സ് പേഴ്സണും കെ.എന്‍.എസ്.എസ് ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ ബി.ജയപ്രകാശും, കാരുണ്യ ബെംഗളൂരു ചാരിറ്റബില്‍ ട്രസ്റ്റിന്റെ ട്രസ്റ്റി മെമ്പറും, ദൂരവാണി നഗര്‍ കേരള സമാജം ഉദയ നഗര്‍ സോണല്‍ സെക്രട്ടറിയുമായ വിശ്വനാഥന് എന്നിവരും പങ്കെടുത്തു. കോളേജ് വിദ്യാര്‍ത്ഥികളായ ഭാനുപ്രിയ.എ, സിന്ധു.എ, സീന.എ, ധനുഷ്.എ, ഭാര്യ ശാന്തി.എ എന്നിവരടങ്ങുന്നതാണ് ആന്റണി സ്വാമിയുടെ കുടുംബം.
നോര്‍ക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്പ്പര്യപ്പെടുന്നവര് നോര്‍ക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: