പാരീസ്: പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഭാരത താരം അവിനാശ് സാബ്ലെക്ക് മെഡല്‍ പട്ടികയില്‍ ഇടംനേടാനായില്ല. ഫൈനലില്‍ 11-ാം സ്ഥാനത്താണ് ഭാരത താരം ഫിനിഷ് ചെയ്തത്. എട്ട് മിനിറ്റ് 14.18 സെക്കന്‍ഡിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്. ആദ്യ 600 മീറ്ററില്‍ അവിനാശ് മുന്നിലായിരുന്നെങ്കിലും പിന്നീട് ആ വേഗം നിലനിര്‍ത്താനാകാതെ പിന്തള്ളപ്പെടുകയായിരുന്നു.
എട്ട് മിനിറ്റ് 06.05 സെക്കന്‍ഡില്‍ മൊറോക്കോയുടെ സൂഫിയാന് എല്‍ ബക്കാലി സ്വര്‍ണം നിലനിര്‍ത്തി. 1932ന് ശേഷം ആദ്യമായാണ് ഒരുതാരം തുടര്‍ച്ചയായ രണ്ട് ഒളിംപിക്സില്‍ സ്റ്റീപ്പിള്‍ചേസില്‍ സ്വര്‍ണം നേടുന്നത്. അമേരിക്കയുടെ കെന്നത്ത് റൂക്്സ് എട്ട് മിനിറ്റ് 06.41 സെക്കന്‍ഡില്‍ വെള്ളിയും കെനിയയുടെ അബ്രഹാം കിബിവോട്ട് 8 മിനിറ്റ് 06.47 സെക്കന്‍ഡില്‍ വെങ്കലവും നേടി.
നേരത്തെ ഹീറ്റ്സില്‍ 8.15.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അഞ്ചാമനായാണ് സാബ്ലെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഭാരത താരമായത്.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജി പുറത്ത്
പാരീസ്: വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും ഭാരതത്തിന് നിരാശ. സെമി ലക്ഷ്യമിട്ട് റെപ്പഷാജ് റൗണ്ടിന്റെ ഒന്നാം ഹീറ്റ്സില്‍ മത്സരിക്കാനിറങ്ങിയ ജ്യോതി യരാജി 13.17 സെക്കന്‍ഡില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 12.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ജ്യോതി വെങ്കലം നേടിയിരുന്നു. തന്റെ മികച്ച സമയമായ 12.78 സെക്കന്‍ഡില്‍ ഇന്നലെ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജ്യോതിക്ക് സെമിയിലേക്ക് യോഗ്യത നേടാന്‍ കഴിയുമായിരുന്നു.
ട്രിപ്പിള്ജംപിലും നിരാശ
പാരീസ്: ഒളിംപിക്സില്‍ പുരുഷ ട്രിപ്പിള്ജംപിലും ഭാരതത്തിന് നിരാശ മാത്രം. മത്സരിക്കാനിറങ്ങിയ രണ്ട് ഭാരത താരങ്ങളും ഫൈനലിലേക്ക് യോഗ്യത നേടിയില്ല.
യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങിയ പ്രവീണ്‍ ചിത്രവേല്‍ 16.25 മീറ്റര്‍ മാത്രം ചാടി 12-ാം സ്ഥാനത്തായപ്പോള്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച മലയാളി താരം അബ്ദുള്ള അബൂബക്കര്‍ 16.49 മീറ്റര്‍ ചാടി 13-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഓവറോള്‍ നോക്കിയാല്‍ അബ്ദുള്ള അബൂബക്കര്‍ 21-ാം സ്ഥാനത്തും പ്രവീണ്‍ ചിത്രവേല്‍ 26-ാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: