തിരുവല്ല: സൈബര്‍തട്ടിപ്പില്‍ 15 ലക്ഷം രൂപ നഷ്ടമായെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. എന്നാല്‍ ഒത്ത് തീര്‍പ്പിന് തയാറായെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കോള്‍ ചെയ്ത തട്ടിപ്പുസംഘം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് അറിയിച്ചു. പ്രതി രണ്ടു മൊബൈല്‍ നമ്പരുകളില്‍ നിന്നും വിളിച്ച് തെറ്റിദ്ധരിപ്പിച്ചു. കേസില്‍ നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു.
പത്തനംതിട്ട കീഴ് വായ്പൂര് പോലീസ് സംഭവത്തില്‍ കേസെടുത്തു. 15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പ്രതിയാണെന്ന് മാര്‍ കൂറിലോസ് വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കീഴ് വായ്പൂര് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: