150 വർഷം പഴക്കമുള്ള ഒരു മരം കടപുഴകി വീണത് ഒരു സംസ്ഥാനത്തെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആന്ധ്രപ്രദേശിൽ ആണ് സിനിമ കഥകളെ പോലും വെല്ലുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്.
തെന്നിന്ത്യൻ ഭാഷയിൽ, പ്രത്യേകിച്ചും തെലുങ്ക് സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ‘സിനിമാ മരം’ ആണ് ഒടുവിൽ വിട വാങ്ങിയിരിക്കുന്നത്. വിവിധ ഭാഷകളിലായി 450ലേറെ സിനിമകളിലെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഈ സിനിമാ മരവും ചുറ്റുപാടും.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന നിദ്രഗനേരു മരമാണ് കഴിഞ്ഞദിവസം കടപുഴകി വീണത്. കൊവ്വൂർ മണ്ഡലത്തിലെ കുമാരദേവം ഗ്രാമത്തിലെ ഈ മരം നിരവധി സിനിമകളിലൂടെ സംസ്ഥാനത്തെ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു. കുമാരദേവം ഗ്രാമത്തിലെ ജനങ്ങൾ തങ്ങളുടെ ഗ്രാമത്തിന്റെ ഐശ്വര്യമായാണ് ഈ മരത്തെ കണക്കാക്കിയിരുന്നത്
പഴയകാല സിനിമകൾ മുതലേ ഈ മരം ഒരു പ്രധാന ചിത്രീകരണ ലൊക്കേഷൻ ആയിരുന്നു. ഈ മരത്തിന്റെ ചുവട്ടിൽ സിനിമ ചിത്രീകരിക്കുന്നത് ഭാഗ്യം കൊണ്ടു വരുമെന്നും ആ ചിത്രങ്ങൾ വിജയിക്കുമെന്നും സംവിധായകർക്കിടയിൽ വലിയൊരു വിശ്വാസം തന്നെ ഉണ്ടായിരുന്നു. അതിനാൽ തന്നെ പല വമ്പൻ സിനിമകളിലും ഒരു ചെറിയ ഭാഗം എങ്കിലും ആകാൻ ഈ സിനിമ മരത്തിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്ക് ചിത്രങ്ങൾ കൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലുള്ള സിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുള്ള സിനിമ മരമാണ് ഇപ്പോൾ മണ്ണോട് ചേർന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: