ആലപ്പുഴ: തോക്കുമായി സ്കൂളില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്. മധുബാബു. വിദ്യാര്‍ത്ഥി തോക്ക് ചൂണ്ടി സഹപാഠിയെ ഭീഷിണിപ്പെടുത്തുകയായിരുന്നു. തോക്കില്‍ നിന്ന് വെടി ഉതിര്‍ന്നിട്ടില്ല. തോക്ക് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. പെല്ലറ്റ് കുടുങ്ങിയ നിലയിലുള്ള പഴക്കമുള്ള എയര്‍ പിസ്റ്റള്‍ ആണ്.
തോക്കിന്റെ പാത്തി ഉപയോഗിച്ച് അടിക്കുകയാണ് ഉണ്ടായതെന്നാണ് പരാതിക്കാരന്റെ മൊഴി. സംഘര്‍ഷം നടന്നത് സ്കൂളിന് പുറത്തു വെച്ചാണ്. ഇരവുകാട് സ്വദേശിയാണ് വിദ്യാര്‍ത്ഥി. ബന്ധുവിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തോക്ക് കൈവശമാക്കിയത്. വാടയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് നേരെയാണ് തോക്ക് ചൂണ്ടിയത്. സ്കൂള്‍ പ്രിന്‍സിപ്പലാണ് സൗത്ത് പോലീസില്‍ പരാതി നല്‍കിയത്.
തോക്ക് ഉപയോഗിച്ച വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര് സംഘം ചേര്‍ന്നാണ് ആക്രമിച്ചത്. കൈയില്‍ കത്തി ഉണ്ടായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കും കത്തിയും കണ്ടെത്തി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പോലീസ് റിപ്പോര്‍ട്ട് നല്കി. ആലപ്പുഴ നഗരത്തിലെ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ സ്കൂളിനു മുന്നിലെ റോഡരികിലായിരുന്നു സംഘര്‍ഷം.
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിലെത്തിയത്. ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്തിറങ്ങിയ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തോക്ക് ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: