തൊഴില്‍ ഇല്ല എന്നു കരുതി ലഭ്യമാകുന്ന ഏത് തൊഴിലും സ്വീകരിക്കുന്നവരല്ല തൊഴില്‍രഹിതര്‍. വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള ജോലിയാണ് അഭ്യസ്ഥവിദ്യരുടെ പ്രതീക്ഷയും സ്വപ്നവും. അതുപോലെ എല്ലാ തൊഴില്‍ ശാലയും എല്ലാത്തതരം തൊഴിലാളികളേയും ജോലിക്കാരേയും സ്വീകരിക്കില്ല. എല്ലാ നിയമനങ്ങളും ഓരോ കമ്പനിയുടെ നിലവിലുള്ള ആവശ്യവും, ഉദ്യോഗാര്‍ത്ഥിയുടെ പരിചയവും അറിവും, തക്കതായ യോഗ്യതയും പരിഗണിച്ചു കൊണ്ടായിരിക്കും രൂപപ്പെടുന്നത്.
തൊഴില്‍ സാധ്യതകളെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം നിക്ഷേപങ്ങളും വികസനത്തെ ലക്ഷ്യമാക്കിയ സര്‍ക്കാര്‍ നയങ്ങളും തന്നെയാണ്.
വികസിച്ചുവരുന്ന സമ്പദ് വ്യവസ്ഥക്കകത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്ന വ്യവസായ മേഖലയില്‍ തൊഴിലാളികളെ അവശ്യമില്ലാത്ത അവസ്ഥ നിലനില്‍ക്കില്ല, പ്രത്യേകിച്ച് ദശലക്ഷത്തിലധികം കോടി രൂപ പൊതുഖജനാവില്‍ നിന്നും, അതിലേറെ തുക എണ്ണമില്ലാത്ത അത്രയും സ്വകാര്യ കമ്പനികളും വര്‍ഷം തോറും ലാഭകരമാകുന്ന ആസ്തികള്‍ നിര്‍മിക്കാന്‍ മുതല്‍ മുടക്കുമ്പോള്‍. വാണിജ്യ ബാങ്കുകള്‍ കച്ചവട ആവശ്യങ്ങള്‍ക്ക് നല്കുന്ന കടവും നിക്ഷേപമായി വിപണിയില്‍ എത്തുമ്പോള്‍ അവയെല്ലാം തൊഴില്‍ രംഗത്തെ സജീവമാക്കി നിര്‍ത്തും. കൂടാതെ ഗ്രാമീണ തൊഴിലുറപ്പിന്ന് 86,000 കോടി രൂപയും, പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിലൂടെ പ്രവര്‍ത്തി പരിചയത്തിന്ന് 54000 കോടി രൂപയും സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇവയെല്ലാം സമ്പദ് വ്യവസ്ഥയില്‍ ചലനമുണ്ടാക്കാന്‍ പര്യാപ്തമാണ്.
സാമ്പത്തിക വര്‍ഷം 2021 മുതലുള്ള രണ്ട് വര്‍ഷങ്ങളില്‍, സ്വകാര്യ മേഖലയുടെ ജിഎഫ്സിഎഫ് എന്നറിയപ്പെടുന്ന മൊത്തം സ്ഥിരാസ്തി രൂപപ്പെടല്‍ (Gross Fixed Capital Formation) അതിവേഗം വളര്‍ന്നു. ഈ കാലത്ത് സര്‍ക്കാര്‍ തലത്തില്‍ ഇതിന്റെ വര്‍ധനവ് 42 ശതമാനമായിരുന്നു. സാമ്പത്തിക രംഗങ്ങളില്‍ അല്ലാത്ത സ്വകാര്യ മേഖലയില്‍ (nonfinancial private sector) മൊത്തത്തിലുള്ള ജിഎഫ്സിഎഫ്യില് 51 ശതമാനം വര്‍ധനവുണ്ടായി. നിക്ഷേപത്തിന്റെ ഫലം ദേശീയ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ പ്രകടമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഗോള തലത്തില്‍ വളര്‍ച്ചാ നിരക്ക് 3.2 ശതമാനമായിരുന്നപ്പോള് ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിന്ന് മുകളിലായിരുന്നു.
പീര്യോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ ‘ജനസംഖ്യ-തൊഴിലാളി’ ശരാശരിയില്‍ ഗണ്യമായ വര്‍ധന കഴിഞ്ഞ 10 വര്‍ഷമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷം മൊത്തം ജനസംഖ്യയില്‍ 46.8 ശതമാനം പേര് തൊഴില്‍ രംഗത്ത് സജീവമായിരുന്നു. ഇത് 2022-23ല്‍ 56 ശതമാനമായി വര്‍ധിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
മൂലധന നിക്ഷേപത്തിന്റെ കണക്കെടുത്താല്‍ ഇപ്പോഴും സ്വകാര്യ കമ്പനികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. പക്ഷെ കഴിവുറ്റ അപേക്ഷകര്‍ എത്രയുണ്ട്? ഇതാണ് ഉന്നത ശമ്പളം നല്കാന് ശേഷിയുള്ളതും ധാരാളം പുതിയ ജോലിക്കാരെ ആവശ്യമുള്ളതുമായ കമ്പനികള്‍ ചോദിക്കുന്നത്.
അതേ സമയം പ്രൊഫഷണല്‍ ജോലി സാധ്യതകള്‍ വളര്‍ന്നില്ലെന്നാണ് കണ്ടെത്തല്‍. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ പ്രതീക്ഷക്കൊത്ത ജോലി ലഭിക്കാതിരിക്കുമ്പോള്‍ സ്വഭാവികമായും അത് സര്‍ക്കാരിന്റെ നയത്തിലുള്ള ന്യൂനതായി കാണുന്നവരുമുണ്ട്. സാമ്പത്തിക വികസനത്തിന്റെ ശരാശരി അനുസരിച്ച് തൊഴില്‍ രംഗത്ത് ആശാവഹമായ വളര്‍ച്ച ഉണ്ടായില്ലെന്ന് ചില സര്‍വ്വേകള്‍ ചൂണ്ടി കാണിച്ചതിലുള്ള സര്‍ക്കാരിന്റെ ആശങ്കയും ബജറ്റിന് മുന്‍പ് പുറത്തിറങ്ങിയ 2023-24 വര്‍ഷത്തെ ‘സാമ്പത്തിക സര്‍വ്വേയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഐടി മേഖലയിലെ നിയമനങ്ങളില്‍ ഗണ്യമായ കുറവ് സാമ്പത്തിക സര്‍വ്വേ സൂചിപ്പിച്ചു. അതിന്റെ മൂലകാരണങ്ങള്‍ മനസ്സിലാക്കി ദീര്‍ഘകാല നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തും നിക്ഷേപ രംഗത്തും സര്‍ക്കാര്‍ ഒരേസമയം ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നാണ് സാമ്പത്തിക സര്‍വ്വേയും തുടര്‍ന്ന് പ്രഖ്യാപിച്ച ബജറ്റും സൂചിപ്പിച്ചത്. ഇനിയുള്ള മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് വിദ്യാഭ്യാസ രീതിയിലും കാലഘട്ടത്തിന്റെ മാറ്റങ്ങളനുസരിച്ച് ഒരാള്‍ തിരഞ്ഞെടുക്കേണ്ട പഠന വിഷയങ്ങളിലുമാണ്. പഠനം പൂര്‍ത്തിയാകുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് പ്രാപ്തമാകുന്നില്ല എന്ന ഭീഷിണി നിലനില്ക്കുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണാര്‍ത്ഥം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി അഭ്യസ്ഥ വിദ്യരായവരെ പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് നല്കി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിലൂടെ തൊഴില്‍ സാഹചര്യവുമായി പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. മിക്ക വികസിത രാഷ്ടങ്ങളിലും ഐക്യ രാഷ്ട്ര സഭയുള്‍പ്പടെയുള്ള ആഗോള സംഘടനകളും പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയപ്പെടാന്‍ നടപ്പിലാക്കുന്ന രീതിയാണിത്.
ഇന്ന് അതിവേഗ മാറ്റം എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സേവന മേഖലകളില്‍, പ്രതിഫലിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് മാനവശേഷി വികസനത്തിന്ന് നേരിട്ടുള്ള ഇടപെടല്‍ അത്യാവശ്യമാണെന്ന സര്‍ക്കാരിന്റെ തിരിച്ചറിവാണ് ഇത് സൂചിപ്പിക്കുന്നത്. അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ ധാരാളം അവസരമുണ്ടായിട്ടും സര്‍ക്കാര്‍ മതിയായ സഹചര്യങ്ങള്‍ ഒരുക്കിയിട്ടും ഉന്നത വിദ്യാഭ്യാസമുള്ള ഒരാളുടെ കൈയ്യില്‍ എന്തുകൊണ്ട് നല്ല ജോലി എത്തുന്നില്ല എന്ന ചോദ്യം നിലനില്ക്കുമ്പോള് സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നിലപാട് ശരിയായ ഉത്തരമാണ് നല്‍കുന്നത്. കാലത്തിന്റെ അതിവേഗ മാറ്റത്തില്‍ ആവശ്യമായിരുന്ന മാനവശേഷി വികസനത്തിന്റെ അഭാവവും പുതിയ തലമുറ തിരഞ്ഞെടുക്കുന്ന പഠന വിഷയവും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും കഴിഞ്ഞ കാലത്തെ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലനമാണ്. അത് തന്നെയാണ് വര്‍ത്തമാനകാലത്തെ മാനവശേഷിയുടെ ലഭ്യത ഉറപ്പ് വരുത്തുതേണ്ടതും പുതിയ തലമുറക്ക് കാലഘട്ടത്തിന്റെ മാറ്റത്തില്‍ ജോലി ഉറപ്പ് വരുത്തുന്നതുമായ ഘടകങ്ങള്‍.
ബിരുദ ധാരികളില്‍ 45 ശതമാനം മാത്രമാണ് മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജോലിക്ക് പ്രാപ്തരായവര്‍ എന്നാണ് ‘മെര്‍സര്‍ മെറ്റില്’ എന്ന ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയ പരീക്ഷാ പ്ലാറ്റ്ഫോം അടുത്ത കാലം നടത്തിയ അവലോകനത്തില്‍ കണ്ടെത്തിയത്. സാങ്കേതികവിദ്യയിലെ പുരോഗതി, പ്രത്യേകിച്ച് നിര്‍മിത ബുദ്ധിയുടെ വരവോടെ, വ്യവസായ രംഗത്തുണ്ടായ മാറ്റം അത്ഭുതാവഹമാണ്. ‘മെര്‍സര്‍ മെറ്റില്’ അവലോകനത്തില്‍ സൂചിപ്പിച്ചതുപോലെ ഓട്ടോമേഷനും എഐ അധിഷ്ഠിത പരിഹാരങ്ങളും കൂടുതല്‍ പ്രചാരത്തിലായതിനാല്‍, പരമ്പരാഗത തൊഴില്‍ മേഖല മാറുകയാണ്. ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങള്‍ യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമാക്കാന്‍ വിപണിയെ മനസ്സിലാക്കി കൂടുതല്‍ പരിശീലനത്തില്‍ അധിഷ്ഠിതമായ പഠനരീതി അവലംബിക്കേണ്ടിവരും.
സാങ്കേതിക വിദ്യയുടെ ഇടപെടല്‍ കൊണ്ട് നവീനമായ ഉല്പന്നങ്ങളും സേവനങ്ങളും മിന്നല്‍ വേഗത്തില്‍ വന്നു പോകുന്നു. ഇത് വിപണിയില്‍ കമ്പനികള്‍ക്കിടയിലെ മത്സരങ്ങള്‍ക്കും ഉല്പന്നങ്ങളുടെ പരിഷ്കാരങ്ങള്‍ക്കും വഴി തുറക്കുന്നു. വിപണിയിലെ കടുത്ത മത്സരം കമ്പനികളുടെ ലാഭത്തിന്റെ തോതില്‍ കടുത്ത സമര്ദ്ദമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇത ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന്ന് പുതിയ മാര്‍ഗ്ഗം അവലംബിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.
ഈ പ്രക്രിയയില്‍ കമ്പനികള്‍ക്കാവശ്യം നൈപുണ്യവും ഉന്നത നിലവാരമുള്ള മാനവശേഷി വിഭവവുമാണ്. മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ പഠനം പൂര്‍ത്തിയാക്കിയ യുവ സമൂഹത്തിന്ന് സാധിക്കുന്നില്ല എന്ന ആശങ്ക നിലവിലുണ്ട്. നമ്മുടെ വിദ്യാഭ്യാസ രംഗം-പ്രത്യേകിച്ച് പ്രബലമായ സ്വകാര്യ വിദ്യാഭ്യാസ രംഗം മതിയായ അളവില്‍ വിദ്യാഭ്യാസത്തിലൂടെ മാനവശേഷി എത്തിക്കാന്‍ പ്രാപ്തമാണോ എന്ന് നമ്മള് തിരിച്ചറിയുകയും തിരുത്തുകയും വേണം.
പഠനം പൂര്‍ത്തിയാക്കിയവരില്‍ പകുതിയിലധികം വിദ്യാര്‍ത്ഥികളും ജോലിക്ക് പ്രാപ്തരല്ല എന്ന വസ്തുത വിദ്യാര്‍ത്ഥികള്‍ക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജോലിക്കാരെ തേടുന്ന സ്ഥാപനങ്ങള്‍ക്കും അറിയാം. ഇത്തരം സാഹചര്യങ്ങള്‍ക്ക് പ്രധാനപ്പെട്ട കാരണം പഠന പദ്ധതിയില്‍ അന്തര്ലീനമായിരിക്കേണ്ട ദീര്‍ഘ വീക്ഷണത്തിന്റെ അഭാവവും, കാലാനുസൃതമായി വിപണിയില്‍ വന്ന മാറ്റത്തിന്ന് തത്തുല്യമായ പഠന സാഹചര്യമില്ലായ്മയുമാണ്. പ്രൊഫഷണല്‍ പഠനം ഉള്‍പ്പടെയുള്ള പഠന നിലവാരത്തിലെ മൊത്തമായ തകര്‍ച്ച സാധാരണമായിരിക്കുന്നു.
കാലത്തിന്റെ അതിവേഗ മാറ്റത്തിനൊപ്പം ചലിക്കേണ്ട വിദ്യാഭ്യാസ രംഗം പൊതുവേ കാലത്തിന് ഒന്നര ദശാബ്ദമെങ്കിലും പിന്നിലാകുന്നു എന്നാണ് ‘ക്ലാസ് റൂം’പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു വിദ്യാര്‍ത്ഥി ഉദ്യോഗാര്‍ത്ഥി ആകുന്ന സമയത്തിനിടയില്‍ വിപണിയില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ പഠന കാലത്ത് സാധിക്കാത്തത് യുവ തലമുറ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അത് ഒരു പരിധി വരെ ഇന്റേണ്‍ഷിപ്പിലൂടെയും ദേശീയവിദ്യാഭ്യാസ നയം 2020 ലൂടെയും സാധിക്കുമെന്ന് കരുതാം. 2023 ല്‍ ”വികസിത് ഭാരത്@2047: യുവ ശബ്ദം’ എന്ന ചിന്താവിഷയത്തിന്ന് സമാരംഭം കുറിച്ചപ്പോള്‍ പ്രധാനമന്ത്രി, നരേന്ദ്ര മോദി പറഞ്ഞു: ‘ഇന്നത്തെ കോളജുകളിലെയും സര്‍വകലാശാലകളിലെയും യുവാക്കളുടെ കരിയറിന് അടുത്ത 25 വര്‍ഷം നിര്‍ണായകമാണ്.’ ഏറെ പ്രതീക്ഷയോടെ വളരുന്ന യുവ സമൂഹത്തിന്ന് അവരുടെ ആഗ്രഹം സഫലീകരിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കണം. അതുതന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യവുമെന്ന് പുതിയ നയങ്ങള്‍ വ്യക്തമാക്കുന്നു.
Year WorkerPeople Unemployment
ratio (%) Rate (%)
2017-18 46.8 6.0
2018-19 47.3 5.8
2019-20 50.9 4.8
2020-21 52.6 4.2
2021-22 52.6 4.1
2022-23 56.0 3.2
(Source: PLFS, Ministry of Statistics and Program Implementation)
പ്രതികരിക്കാൻ ഇവിടെ എഴുതുക: