ന്യൂദല്‍ഹി: നിരോധിത നക്സല്‍ ഭീകരപ്രസ്ഥാനമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്ഐ)യുമായി ബന്ധപ്പെട്ട കേസുകളില്‍ ഝാര്‍ഖണ്ഡില്‍ എന്‍ഐഎ റെയ്ഡ്.
ഖുന്തി ജില്ലയിലെ രണ്ട് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പിഎല്എഫ്ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയ അന്വേഷണ സംഘം കുറ്റകരമായ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ പിഎല്‍എഫ്ഐ ഭീകരര്‍ വിവിധ കല്‍ക്കരി വ്യാപാരികള്‍, ട്രാന്‍സ്പോര്‍ട്ടര്‍മാര്‍, റെയില്‍വേ കോണ്‍ട്രാക്ടര്‍മാര്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ടാണ് കേസ്. കൊലപാതകങ്ങള്‍, തീവയ്പ്പ്, ആക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.
ഝാര്‍ഖണ്ഡിലെ ലത്തേഹാറില്‍ കല്‍ക്കരി ഖനിയില്‍ വെടിവയ്പ്പ്, കൊള്ളയടിക്കല്‍, തീവയ്പ് തുടങ്ങിയ കേസില്‍ ജയിലില്‍ കഴിയുന്ന നക്സല്‍ നേതാവ് അമന് സാഹുവിനെതിരെ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: