കോയമ്പത്തൂര്‍: രാമേശ്വരത്തെ പാമ്പന്‍ റെയില്‍വേ പാലത്തിലൂടെ നടത്തിയ പരീക്ഷണഓട്ടം വിജയകരം. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളും റെയില്‍വേ മന്ത്രാലയം എക്സില്‍ കുറിച്ചിട്ടുണ്ട്. രാമേശ്വരം സ്റ്റേഷന് വരെയായിരുന്നു ട്രയല്‍ റണ്‍ നടത്തിയത്.
ഭാരതത്തിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലത്തില്‍ ടവര്‍ കാറിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും പുതിയ പാമ്പന്‍ പാലം ഫിനിഷിങ് ലൈനിനോട് അടുക്കുകയാണെന്നും റെയില്‍വേ മന്ത്രാലയം എക്സില്‍ കുറിച്ചു. സപ്തംബറിന് മുന്‍പായി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഒക്ടോബര്‍ ഒന്ന് മുതല്‍ രാമേശ്വരത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
New Pamban Bridge nearing the finish line!
A successful trial run of tower car was recently conducted on India's first vertical lift Railway sea bridge. pic.twitter.com/fKBgb6EXwE— Ministry of Railways (@RailMinIndia) August 5, 2024
കഴിഞ്ഞ ദിവസം 72.5 മീറ്റര്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ബാക്കിയുള്ള നാല് ഗര്‍ഡറുകള്‍ സജ്ജമാക്കാനുള്ള ചുമതല റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഏറ്റെടുത്തു. 1913-ല്‍ നിര്‍മിച്ച പഴയ പാലം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെ 2022 ഡിസംബര്‍ 23-ന് മണ്ഡപത്തിനും രാമേശ്വരം ദ്വീപിനും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഴയ പാലത്തേക്കാള്‍ 30 മീറ്റര്‍ ഉയരത്തിലുള്ള പുതിയ പാലത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 22 മീറ്റര്‍ ഉയരത്തില്‍ നാവിഗേഷന്‍ എയര്‍ ക്ലിയറന്‍സ് നല്‍കാനുള്ള സംവിധാനമുണ്ടാകും. 2021 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനിരുന്നതാണ് എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: