ന്യൂദല്‍ഹി: പ്രധാനമന്ത്രിപദം രാജിവച്ച് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന ദല്‍ഹിയില്‍ത്തന്നെ തുടരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടാനുള്ള അഭ്യര്‍ത്ഥനയില്‍ തീരുമാനമാകും വരെ ഹസീനയുടെ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.
തിങ്കളാഴ്ച വൈകിട്ടോടെ ദല്‍ഹി അതിര്‍ത്തിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലിറങ്ങിയ ഷെയ്ഖ് ഹസീനയെയും സഹോദരിയെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ഹിന്‍ഡനില്‍ നേരിട്ടെത്തി ഷെയ്ഖ് ഹസീനയുമായി കൂടിക്കണ്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുരക്ഷയുറപ്പാക്കാന്‍ നിര്‍ദേശിച്ചത്.
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാവിലെ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലെ ചേര്‍ന്ന യോഗത്തില്‍ വിദേശകാര്യ മന്ത്രി ബംഗ്ലാദേശ് സ്ഥിതിഗതികള്‍ വിവരിച്ചു. ഷെയ്ഖ് ഹസീനയും സഹോദരിയും ദല്ഹിയില്ത്തന്നെയുണ്ടെന്നും ഏതെങ്കിലും വിദേശ രാജ്യത്ത് രാഷ്ട്രീയാഭയം തേടാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നതായും ജയശങ്കര്‍ അറിയിച്ചു. അതിര്‍ത്തിയിലടക്കം അതീവ ജാഗ്രതയിലാണ് സൈന്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്ത് കേന്ദ്ര സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടന് രാഷ്ട്രീയാഭയം നല്‍കിയില്ലെങ്കില്‍ യുഎസ്, ഫിന്‍ലന്‍ഡ് സര്‍ക്കാരുകളുമായും ചര്‍ച്ചകള്‍ നടത്തും. ബംഗ്ലാദേശിലെ ഭാരത നയതന്ത്ര കാര്യാലയങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതീയര്‍ക്കു വേണ്ട സേവനങ്ങള്‍ നല്‍കാനും അവരുടെ സുരക്ഷയുറപ്പാക്കാനുമുള്ള നിരന്തര ഇടപെടലുകളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: