പാരീസ്: ട്രാക്കില്‍ അമേരിക്കന്‍ കുത്തകയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് മറ്റൊരു സ്വര്‍ണം കൂടി. 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഹീറ്റ്സിലെ ലോക റിക്കാര്‍ഡ് ടീമിനെ പിന്നിലാക്കിയാണ് നെതര്‍ലന്‍ഡ്സ് ടീം ഇന്നലെ പുലര്‍ച്ചെ സ്വര്‍ണം നേടിയത്.
വനിതാ താരം ഫെംകെ ബോള്‍ അവസാന അവസരത്തില്‍ നടത്തിയ അത്യുഗ്രന്‍ കുതിപ്പാണ് അമേരിക്കയെ തകര്‍ത്തത്. റിലേ മത്സരത്തിലെ നാലാം സ്ഥാനക്കാരിയായ ഫെംകെയുടെ കൈയ്യില്‍ ബാറ്റന് കിട്ടുമ്പോള്‍ അമേരിക്കന്‍ താരം കായ്ലിന് 20 മീറ്റര്‍ മുന്നിലായിരുന്നു. എന്നാല്‍ ഫനിഷ് ലൈനില്‍ കായ്ലിനിനെക്കാള് തൊട്ടുമുമ്പേ സ്റ്റഡ്സ് പതിപ്പിച്ചത് ഫെംകെ. തുടര്‍ന്ന് സ്വര്‍ണ നേട്ടം ആഘോഷിക്കാന്‍ തുടങ്ങി. യൂജീന്‍ ഒമല്ല, ലിയേകെ ക്ലാവര്‍, ഇസായ ക്ലെയിന് ഇക്കിങ്ക് എന്നിവരടങ്ങുന്ന ടീം മൂന്ന് മിനിറ്റ് 7.04 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
അമേരിക്കയുടെ വെല്നോന് നോര്വൂഡ്, ഷാമിയര്‍ ലിറ്റില്‍, ബ്രൈസ് ഡീഡ്മോണ്, കായ്ലിന് ബ്രൗണ്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് ഡച്ച് ടീം മറികടന്നത്. ഹീറ്റ്സില്‍ അമേരിക്ക ലോക റിക്കാര്‍ഡ് തിരുത്തിയതിനെ തുടര്‍ന്ന് സ്വര്‍ണം ഉറപ്പാണെന്ന് കരുതിയിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ ഡച്ച് താരങ്ങള്‍ മിന്നി. ബ്രിട്ടന് ആണ് മത്സരത്തിലെ വെങ്കല മെഡല്‍ ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: