മേപ്പാടി: കൃഷ്ണനിവാസ്, നിയര്‍ വെള്ളാര്‍മല ജിഎച്ച്എസ്എസ്, ഈ വിലാസത്തില്‍ ഇനി ഹര്‍ഷയും സ്നേഹയും മാത്രം. നൂറുകണക്കിന് ജീവനെടുത്ത ഉരുള്‍പൊട്ടലിന്റെ വിവരമറിഞ്ഞ് യുകെയിലെ വിദ്യാര്‍ത്ഥിയായ ഹര്‍ഷ വെള്ളിയാഴ്ച വിമാനമിറങ്ങിയത് തന്റെ വേരുകളറ്റ മണ്ണിലാണ്. അച്ഛനും അമ്മയുമടക്കം 9 പേരെയാണ് ഉരുള്‍ കൊണ്ടുപോയത്. കോഴിക്കോട് വിദ്യാര്‍ത്ഥിയായ അനിയത്തിയും വീട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു.
ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ അച്ഛന് ബാലചന്ദ്രനും അമ്മ അജിതക്കും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ബന്ധമായിരുന്നു. അതിനായി രാപകല്‍ ഇല്ലാതെ അധ്വാനിച്ചും ലോണെടുത്തുമാണ് ഇവരെ പഠിപ്പിച്ചിരുന്നത്. പഠനത്തിന് ശേഷം നല്ലൊരു ജോലി നേടി ഒരായുസ് മുഴുവന്‍ തങ്ങള്‍ക്കായി കഷ്ടപ്പെട്ട അച്ഛനെയും അമ്മയെയും നല്ല രീതിയില്‍ സംരക്ഷിക്കണമെന്നത് മാത്രമായിരുന്നു ഹര്‍ഷയുടെ മനസില്‍. പക്ഷേ ചൂരല്‍മലയിലെത്തിയപ്പോള്‍ താമസിച്ച വാടക വീടും പുതുക്കി പണിയുന്ന തറവാട്ടുവീടും എവിടെയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം ബാലചന്ദ്രന്റെ സഹോദരങ്ങളായ ഭാസ്കരന്, വിജയന് എന്നിവരുടെ കുടുംബാംഗങ്ങളും ദുരന്തത്തിന് ഇരയായി. ഇവരില്‍ നാല് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തി. വേരറ്റ മണ്ണില്‍ അനിയത്തി സ്നേഹയേയും ചേര്‍ത്ത് പിടിച്ച് ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഹര്‍ഷ പ്രിയപ്പെട്ടവര്‍ക്കായി കാത്തിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: