ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ സ്കൂളില്‍ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്. ഭീഷണി സന്ദേശമയച്ചത് സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ 14 കാരനാണെന്ന് പോലീസ് അറിയിച്ചു. സ്കൂളില്‍ പോകാന്‍ താത്പര്യമില്ലാത്തതിനാലാണ് വ്യാജ ഇമെയില്‍ സന്ദേശം അയച്ചതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
കൈലാഷ് കോളനിയിലുള്ള സമ്മര്‍ ഫീല്‍ഡ് സ്കൂളില്‍ കഴിഞ്ഞ ദിവസമാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സ്കൂള്‍ പരിസരം ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.30നാണ് സന്ദേശം ലഭിച്ചത്. രാവിലെ സ്കൂള്‍ തുറന്നതിന് ശേഷമാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഭീഷണി യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥി മറ്റ് രണ്ട് സ്കൂളുകളുടെ പേരും സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ഭീഷണി വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് സ്ഥിരീകരിച്ചു. സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി തന്നെയെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: