ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മാലിവാളിനെ മര്‍ദിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.
ഇത്തരം ഗുണ്ടകളെ ആരാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ നിര്‍ത്തിയതെന്ന് കോടതി ചോദിച്ചു. സ്വാതിയെ മര്‍ദിച്ച കേസിലെ പ്രതിയായ കേജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ വിമര്‍ശം.
മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന കാര്യങ്ങള്‍ തങ്ങളെ ഞെട്ടിച്ചതായി കോടതി പറഞ്ഞു. വൈഭവ് കുമാര്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നതെന്ന് ചോദിച്ച കോടതി, അയാളുടെ തലയില്‍ അധികാരമുണ്ടെന്നാണോ കരുതുന്നതെന്നും ആരാഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രിയുടെ ബംഗ്ലാവ് സ്വകാര്യ വസതിയാണോയെന്നും ഇത്തരം ഗുണ്ടകളെയാണോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിര്‍ത്തുന്നതെന്നും കോടതി ചോദിച്ചു. കൊള്ളക്കാര്‍ക്കും കൊലപാതകികള്‍ക്കും വരെ ജാമ്യം നല്‍കാറുണ്ടെന്നും എന്നാല്‍ വൈഭവിനെതിരായ ആരോപണങ്ങള്‍ ഏറെ ഗൗരവകരമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, ഉജ്വല്‍ ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസ് ആഗസ്ത് 7 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: