കൽപ്പറ്റ: വയനാട്ടില്‍ കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. പടവെട്ടിക്കുന്നിൽ നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ രണ്ടു പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. നാല് പേരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു.
ഇന്ത്യന്‍ കരസേനയാണ് ഇക്കാര്യം ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ശ്രമകരമായാണ് കണ്ടെത്തിയതെന്നാണ് കരസേന വ്യക്തമാക്കുന്നത്. ഇവരെ നാലു പേരെയും വ്യോമമാർഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായും കരസേന അറിയിച്ചു. നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും.
ആർമി സംഘം മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുകയാണ്. കനത്തമഴ രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും , പുഴയൊഴുകുന്ന ഉൾവനത്തിലും , സ്റ്റേഷൻ പരിധികളിലും തിരച്ചിൽ നടക്കും. ബെയ്ലി പാലം തുറന്നതോടെ ദൗത്യം കൂടൂതൽ വേഗത്തിലാകും. റഡാർ വിധാനവും, ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: