വയനാട്: രാത്രി വൈകിയും തുടര്‍ന്ന മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അതി വേഗത്തില്‍ പുരോഗമിക്കുന്നു. ഇന്ന് രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാവുമെന്നാണ് കരുതുന്നത്.
190 അടി നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ് സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്.
കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട ദുരന്തമേഖലയെ ചേര്‍ത്ത് പിടിക്കുകയാണ് കരസേന. . ഉരുള്‍പ്പൊട്ടലില്‍ വീടുകളും റോഡുകളും പാലവും എല്ലാം നഷ്ടപ്പെട്ട പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം എന്നത് അതീവ ദുഷ്കരമായിരുന്നു. ശക്തമായ മലവെള്ള പാച്ചിലുണ്ടായിരുന്ന പുഴ മറികടന്ന് അക്കരെ മുണ്ടക്കൈയില്‍ ഒറ്റപ്പെട്ട ജനങ്ങളെ എങ്ങനെ രക്ഷപ്പെടുത്തും എന്ന് അറിയാതെ പ്രയാസപ്പെട്ട സമയത്താണ് ഇന്നലെ ഉച്ചയോടെ സൈന്യം എത്തിയത്.
അപകടകരമായ സാഹചര്യത്തിലും പുഴമറികടന്ന് മുണ്ടക്കൈ പ്രദേശത്ത് എത്തിയ സൈന്യത്തെ കണ്ടതോടെയാണ് ഒറ്റപ്പെട്ടിരുന്ന ജനങ്ങളില്‍ വീണ്ടും ജീവിതത്തിലേക്ക് മടക്കിയെത്താം എന്ന പ്രതീക്ഷ ഉണ്ടായത്. താത്ക്കാലിക നടപ്പാലം ആദ്യ ഘട്ടത്തില്‍ തന്നെ നിര്‍മിച്ചതോടെ നിരവധിപേരെ ഇതിലൂടെ ഇക്കരെയെത്തിക്കാന്‍ സാധിച്ചു. ജീവന് പണയം വച്ചാണ് സൈനികര്‍ ഈ പാലത്തിലൂടെ ഇവരെ സുരക്ഷിതരായി എത്തിച്ചത്. പ്രതികൂല കാലാവസ്ഥയിലും സൈന്യത്തിന്റെ കൃത്യമായ ഇടപെടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടി.
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന് സിങ് നഥാവത് ആണ് ബെയ്ലി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ് സ്ഥാപിച്ചാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിര്‍മ്മിക്കുന്നതെന്നാണ് വിവരം.
ദല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഇന്നലെ വൈകീട്ട് കണ്ണൂരില്‍ എത്തിയ രണ്ടാമത്തെ വിമാനത്തില്‍ നിന്നുള്ള സാമഗ്രികള്‍ 15 ട്രക്കുകളിലായി ചൂരല്‍മലയില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് നിന്നും കരമാര്‍ഗ്ഗവും സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നുണ്ട്.
കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 സൈനികര്‍ കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും. കൂടാതെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫര്‍ നായകളും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മീററ്റില്‍ നിന്നും എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: