ന്യൂദല്‍ഹി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ രാഷ്ട്രീയക്കളിയുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍. കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ട് ഇടതു-വലത് എംപിമാര്‍ നടത്തിയ രാഷ്ട്രീയ നീക്കത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമം.
രാജ്യത്തിന്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയും ലോക്സഭയില്‍ കെ.സി. വേണുഗോപാല്‍ എംപിയുമാണ് പ്രത്യേക ചര്‍ച്ചയ്ക്കായി നോട്ടീസ് നല്‍കിയത്.
പല എംപിമാരും കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള വേദിയാക്കി വയനാട് ദുരന്തത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്. ജൂലൈ 23 മുതല്‍ നാലുവട്ടം പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുത്തില്ലെന്നും അമിത് ഷാ വെളിപ്പെടുത്തിയതോടെ കേരളാ എംപിമാര്‍ പ്രതിരോധത്തിലായി. വയനാട് എംപിയായിരുന്ന രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ 30 സെക്കന്‍ഡ് മാത്രമാണ് സംസാരിച്ചത്.
കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ബെംഗളൂരു സൗത്ത് എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ നടത്തിയത്. കേരളത്തില്‍ പ്രളയം തുടര്‍ക്കഥയാവുന്നതായും കേരളത്തിലാണ് ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടാവുന്നതെന്നുമുള്ള കേന്ദ്ര കാലാവസ്ഥാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷം കൊണ്ട് 350 മരണങ്ങളാണ് കേരളത്തില്‍ പ്രളയദുരന്തത്തില്‍ സംഭവിച്ചിരിക്കുന്നത്.
വയനാട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചു. മേഖലയിലെ ഖനനവും നിര്‍ത്തിയില്ല. ദുരന്ത സാഹചര്യം നേരിടാന്‍ സംസ്ഥാനം യാതൊരു നടപടിയുമെടുത്തില്ല. 2020ല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മേഖലയില്‍ നിന്ന് 4,000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇത്രയും വലിയ പ്രശ്നത്തില്‍ വയനാട് എംപിയായിരുന്ന രാഹുല്‍ യാതൊരു ഇടപെടലും നടത്തിയില്ല. മതസംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണ് കൈയേറ്റം ഒഴിപ്പിക്കാത്തതെന്ന് 2021ല്‍ സംസ്ഥാന നിയമസഭയില്‍ മന്ത്രി കെ. രാജു വെളിപ്പെടുത്തിയിരുന്നു. പി.ടി തോമസ് എംപിയും സമാനമായ കാര്യം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന് കോണ്‍ഗ്രസ് രണ്ടാംതവണ ടിക്കറ്റ് പോലും നല്‍കിയില്ല. വയനാടിന്റെ ഈ ജനകീയ വിഷയത്തില്‍ പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷവും രാഹുല്‍ യാതൊന്നും മിണ്ടിയിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ ഇവര്‍ കേന്ദ്രസര്‍ക്കാരിന് നേര്‍ക്ക് ചോദ്യമുന്നയിക്കുന്നത്, തേജസ്വി സൂര്യ കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തെ രാഷ്ട്രീയ വിഷയമാക്കാന്‍ ഉദ്യേശമില്ലെന്ന് കെ.സി വേണുഗോപാല്‍ എംപി സഭയില്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് എംപിമാരുടെ ഏക ലക്ഷ്യം അതായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുസഭകളിലും നടന്ന ഹ്രസ്വചര്‍ച്ച. രാജ്യത്തെ എല്ലാ എംപിമാരുടേയും എംപിലാഡ് ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വീതം വയനാടിനായി നല്‍കാനുള്ള നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നില്‍ വയ്ക്കാമെന്ന് ലോക്സഭാ സ്പീക്കര്‍ അറിയിച്ചു. സൈന്യം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്നും വയനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: