പാരീസ്: ഒളിംപിക്‌സിന്റെ ഗ്ലാമര്‍ പോരാട്ടം അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ഇനത്തിന്റെ ഫൈനലില്‍ ഭാരത താരങ്ങളും ഇറങ്ങും. അത്‌ലറ്റിക്‌സിന്റെ ആദ്യ ദിവസമായ ഇന്ന് രണ്ട് ഫൈനലുകളാണുള്ളത്. രണ്ടിലും ഭാരത താരങ്ങള്‍ മത്സരിക്കുന്നുണ്ട്. ഭാരതമൊന്നാകെ കാത്തിരിക്കുന്ന നീരജ് ചോപ്ര ഫീല്‍ഡിലിറങ്ങുന്നത് അടുത്ത ചൊവ്വാഴ്ചയാണ്. പുരുഷന്‍മാരുടെ സ്റ്റീപ്പിള്‍ ചെയ്‌സ് 3000 മീറ്ററില്‍ മത്സരിക്കുന്ന അവിനാഷ് സാബ്ലെയും ഷോട്ട്പുട്ടിലെ തജീന്ദര്‍ പാല്‍ സിങ്ങും അത്‌ലറ്റിക്‌സില്‍ ഭാരതത്തിന്റെ ശ്രദ്ധേയതാരങ്ങളാണ്.
റോഡ് ഇവന്റുകളിലെ രണ്ട് ഫൈനലുകളാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന്റെ ആദ്യ ദിനമായ ഇന്ന് നടക്കുക. ഭാരത സമയം രാവിലെ 11ന് പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തോടെ പാരീസിലെ അത്‌ലറ്റിക് മത്സരങ്ങള്‍ ആരംഭിക്കും. നേരിട്ട് മെഡല്‍ നിര്‍ണയിക്കപ്പെടുന്ന ഈ മത്സരത്തില്‍ ഭാരതത്തിനായി അക്ഷദീപ് സിങ്, വികാഷ് സിങ്, പരംജീത് സിങ് ബിഷ്ട് എന്നിവരാണ് ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് 12.50ന് ഇതേ ഇനത്തിന്റെ വനിതാ ഫൈനലും നടക്കും. ഭാരത താരം പ്രിയങ്ക ഗോസ്വാമി മത്സരിക്കുന്നുണ്ട്. റോഡ് ഇവന്റിലെ മറ്റൊരു ഇനത്തില്‍ കൂടി പ്രിയങ്ക മത്സരിക്കുന്നുണ്ട്. അടുത്ത ബുധനാഴ്ച നടക്കുന്ന മാരത്തന്‍ റെയ്‌സ് വാക്കിങ് മിക്‌സഡ് റിലേയില്‍. ഭാരത പുരുഷ താരം സുരാജ് പന്‍വാര്‍ ആണ് സഹതാരം. ആകെ മൂന്ന് റോഡ് ഇവന്റുകളാണ് ഒളിംപിക്‌സില്‍ ഉള്ളത്. ഇതില്‍ മൂന്നിലും ഭാരത സാന്നിധ്യമുണ്ട്.
നാളെ പുരുഷ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് ടൂര്‍ യോഗ്യതാ മത്സരത്തിനിറങ്ങും. ഇതോടെ അത്‌ലറ്റിക്‌സിന്റെ ഫീല്‍ഡ് ഇനത്തില്‍ ഭാരതം തുടക്കം കുറിക്കും. നീരജ് ചോപ്രയും അന്നുറാണിയും അടക്കമുള്ളവരാണ് ഫീല്‍ഡ് ഇനത്തിലെ മറ്റ് മത്സരാര്‍ത്ഥികള്‍.
വനിതകളുടെ അയ്യായിരം മീറ്റര്‍ മത്സരത്തോടെയാണ് ഭാരതത്തിന്റെ ട്രാക്ക് മത്സരങ്ങള്‍ സജീവമാകുക. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ അങ്കിത റാണിയും പാരുള്‍ ചൗധരിയും മത്സരിക്കാനിറങ്ങും. തൊട്ടടുത്ത ദിവസം ജെസ്വിന്‍ ആല്‍ഡ്രിന്റെ ലോങ് ജംപ് യോഗ്യത. താരത്തിന് ഫൈനലിലേക്ക് യോഗ്യത നേടാനായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തിങ്കളാഴ്ച പുരുഷ സ്റ്റീപ്പിള്‍ചെയ്‌സ് 3000 മീറ്ററില്‍ ഭാരതതാരം അവിനാഷ് സാബ്ലെ ഹീറ്റ്‌സിനിറങ്ങും. ഇക്കുറി ട്രാക്ക് ഫൈനലുകളില്‍ ഭാരതത്തിന്റെ സാന്നിധ്യമായി ഈ പുരുഷ താരം ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. അന്നുതന്നെ നടക്കുന്ന വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പഹല്‍ മത്സരിക്കും.
ടോക്കിയൊ ഒളിംപിക്‌സിലെ പുരുഷ ജാവലിന്‍ ത്രോ സ്വര്‍ണ ജേതാവ് നീരജ് ചോപ്ര ചൊവ്വാഴ്ച യോഗ്യതാ മത്സരത്തിനിറങ്ങും. ജാവലിനില്‍ നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് നീരജ്. താരത്തിനൊപ്പം ഇക്കുറി കിഷോര്‍ ജെനയും മത്സരിക്കുന്നുണ്ട്. ചൊവ്വാഴ്ച വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ പാരുള്‍ ചൗധരി ഹീറ്റ്‌സിനിറങ്ങും.
അടുത്ത ബുധനാഴ്ചയാണ് ജ്യോതി യരാജിയുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്‌സ്. ഫീല്‍ഡ് ഇനങ്ങളില്‍ അന്ന് അന്നു റാണി വനിതാ ജവലിനിലും സര്‍വേശ് കുഷ്‌റെ പുരുഷ ഹൈജംപിലും ഇറങ്ങും. ട്രിപ്പിള്‍ ജംപില്‍ മലയാളി താരം അബ്ദുള്ള അബുബക്കര്‍, പ്രവീണ്‍ ചിത്രവേല്‍ എന്നിവരും ഇതേ ദിവസം ഇറങ്ങും.
ആഗസ്ത് ഒമ്പതിന് പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, രാജേഷ് രമേഷ്, സന്തോഷ് കുമാര്‍ എന്നിവരിറങ്ങും. ഇതേ ഇനത്തിന്റെ വനിതാ മത്സരത്തില്‍ ജ്യോതിക ശ്രീ ദണ്ഡി, എം.ആര്‍.പൂവമ്മ, ശുഭ വെങ്കടേശന്‍, വിദ്യ രാംരാജ് എന്നിവരും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: