ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന് റദ്ദാക്കി യുപിഎസ്സി. ഇവരുടെ പ്രൊവിഷണൽ കാൻഡിഡേറ്റർ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുപിഎസ്സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു.
കാരണം കാണിച്ച് യുപിഎസ്സി നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകാനുള്ള ജൂലൈ 30നും മറപടിയൊന്നും നൽകാത്തതിനെ തുടർന്നാണ് നടപടി.
പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് വലിയ വിവാദമുയർന്ന പശ്ചാത്തലത്തിൽ 2009 മുതൽ 2023 വരെ പരീക്ഷയെഴുതിയ 15,000ത്തിലേറെ ഉദ്യോഗാർഥികളുടെ വിവരം കമീഷൻ പരിശോധിച്ചു. എന്നാൽ മറ്റാരും ഇത്തരത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്താനായിട്ടില്ല.
പേര്, മാതാപിതാക്കളുടെ പേര് എന്നിവ മാറ്റി പരീക്ഷക്ക് അപേക്ഷിക്കുകയും വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ നേടിയുമാണ് 34കാരിയായ പൂജ പരീക്ഷയിൽ കൃത്രിമം കാണിച്ചത്. ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യം നേടിയാണ് പൂജ ഐ.ഐ.എസ് നേടിയത്. പ്രൊബേഷനിടെ കാറും ഓഫിസും സ്റ്റാഫും വേണമെന്ന് ആവശ്യപ്പെട്ട് പൂജ രംഗത്തുവന്നതോടെയാണ് വിവാദമുയർന്നത്. പുണെ കലക്ടർ സുഹാസ് ദിവാസ് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: