ഖാലിസ്ഥാന്‍ ഭീകരരുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം എക്കാലവും ഏറെ സംശയം ഉണര്‍ത്തുന്നതാണ്. ഖാലിസ്ഥാന്‍ ഭീകരവാദത്തെ രാഷ്ട്രീയ നേട്ടത്തിനായി താലോലിക്കുകയും ഒടുവില്‍ കനത്ത വില തന്നെ നല്‍കുകയും ചെയ്യേണ്ടിവന്ന അനുഭവത്തില്‍നിന്ന് യാതൊരു പാഠവും ഇത്ര കാലത്തിന് ശേഷവും കോണ്‍ഗ്രസ് പഠിച്ചിട്ടില്ല. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായ ചരണ്‍ജിത് സിങ് ചന്നിയുടെ ഖാലിസ്ഥാന്‍ പ്രേമമാണ് അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചത്. ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ചന്നിയുടെ വിവാദ പരാമര്‍ശങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട എംപിയെ ജയിലില്‍ ഇട്ടിരിക്കുന്ന നടപടി മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നായിരുന്നു ചന്നിയുടെ വാക്കുകള്‍. ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിനുള്ളില്‍ കഴിയുന്ന ഖാലിസ്ഥാനി നേതാവായ എംപിക്ക് വേണ്ടിയാണ് ചന്നി ലോക്സഭയില്‍ കണ്ണീരൊഴുക്കിയത്.
ലോക്സഭയിലേക്ക് പഞ്ചാബില്‍ നിന്ന് വിജയിച്ച ഒരു സ്വതന്ത്ര എംപിയാണ് കഥാപാത്രം. ഖണ്ഡൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച അമൃതപാല്‍സിങ് വാരിസ് പഞ്ചാബ് ദേയുടെ സ്വയംപ്രഖ്യാപിത നേതാവായി രംഗത്തെത്തുകയും പഞ്ചാബിലെങ്ങും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം നടത്തുകയും ചെയ്തയാളാണ്. ഒടുവില്‍ ദിവസങ്ങള്‍ നീണ്ട പോലീസ് നടപടിയിലൂടെയാണ് അമൃതപാല്‍സിങിനെ സുരക്ഷാ സേന പിടികൂടിയത്. ദേശീയ സുരക്ഷാ നിയമം ചുമത്തി അസമിലെ ജയിലില്‍ അടച്ച അമൃതപാല്‍ ജയിലില്‍ കിടന്നാണ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. രണ്ടുലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അമൃതപാല്‍ സിങിന്റെ വിജയം. കനത്ത പോലീസ് സുരക്ഷയില്‍ ലോക്സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തശേഷം ജയിലിലേക്ക് മടങ്ങിയ സിങിന് വേണ്ടി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
‘പഞ്ചാബിലെ ഇരുപത് ലക്ഷത്തോളം ജനങ്ങളുടെ പിന്തുണയുള്ള എംപിയെയാണ് കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്നത്. അദ്ദേഹത്തിന് തന്റെ മണ്ഡലത്തെപ്പറ്റി സഭയില്‍ പറയാന്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇത് അടിയന്തരാവസ്ഥ തന്നെയാണ്’, ചന്നി പറയുന്നു. ലോക്സഭയ്ക്കകത്തും പുറത്തും ചന്നിക്കെതിരെ വലിയ വിമര്‍ശനമാണ് ഭരണകക്ഷി അംഗങ്ങള്‍ ഉയര്‍ത്തിയത്. രാജ്യത്തെ വീണ്ടും കഷണങ്ങളായി വിഭജിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയാണോ കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന് ബിജെപി നേതൃത്വം ചോദിച്ചു. ഖാലിസ്ഥാന്‍ എന്ന ആശയമാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തിന് കാരണമായതെന്ന് കോണ്‍ഗ്രസ് മറക്കരുതെന്ന് ബിജെപി ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്കി. വിഘടനവാദികള്‍ക്കും ഭീകരവാദികള്‍ക്കും വേണ്ടി കാലാകാലം വാദിക്കുകയെന്നത് കോണ്‍ഗ്രസിന്റെ ജോലിയാണോയെന്ന ചോദ്യമുന്നയിച്ച് ചന്നിക്കെതിരായ ആക്രമണം ബിജെപി ശക്തിപ്പെടുത്തി. യാക്കൂബ് മേമനും അഫ്സല് ഗുരുവിനും മുംബൈ ആക്രമണകാരികളായ ഭീകരര്‍ക്കും വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസ് ഖാലിസ്ഥാനികളെയും താലോലിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ ഖാലിസ്ഥാനികള്‍ക്ക് ചന്നി നല്‍കിയത് തുറന്ന പിന്തുണയാണെന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ഗിരിരാജ്സിങും രംഗത്തെത്തി. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരതവിരുദ്ധ ശക്തികള്‍ക്ക് വേണ്ടിയാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് ബിജെപി എംപി ദിനേശ് ശര്‍മ്മയും കുറ്റപ്പെടുത്തി. ചരണ്‍ജീത് സിങ് ചന്നിയുടെ നിലപാട് ഖാലിസ്ഥാന്‍ വാദികള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ ശക്തമായതോടെ വിഷയത്തില്‍ നിന്ന് തന്ത്രപരമായി അകന്നു നില്‍ക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
അമൃതപാല്‍സിങിന് പുറമേ ഫരീദ്കോട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച സരബ്ജീത് സിങ് ഖല്‍സയും ഖാലിസ്ഥാന്‍ അനുകൂല നിലപാടുകാരനാണ്. ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്ന രണ്ട് അംഗരക്ഷകരില്‍ ഒരാളായിരുന്ന ബിയന്ത് സിങിന്റെ മകനാണ് സരബ്ജീത് സിങ് ഖല്‍സ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ഇയാള്‍ ഫരീദ്കോട്ടില്‍ നിന്ന് മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഓപ്പറേഷന് ബ്ലൂ സ്റ്റാറിന്റെ നാല്‍പ്പതാം വര്‍ഷത്തില്‍, ഇന്ദിരാവധത്തിന്റെ നാലുപതിറ്റാണ്ടിപ്പുറം ഖാലിസ്ഥാനികള്ക്കായി കോണ്‍ഗ്രസ് നിലപാടെടുക്കുന്നു എന്നതാണ് ആശങ്കാജനകം. പഞ്ചാബിലെ കര്‍ഷകരെ മുഴുവന്‍ ഖാലിസ്ഥാനികളെന്ന് മുദ്രകുത്തുന്നുവെന്നായിരുന്നു ചന്നിയുടെ മറ്റൊരു പരാമര്‍ശം. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ ഖാലിസ്ഥാനി ബന്ധമുള്ള കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തിന് നടുവിലേക്ക് എത്തിച്ച സംഭവത്തില്‍ ഏറെ പഴികേട്ട മുഖ്യമന്ത്രിയാണ് ചരണ്‍ജീത് സിങ് ചന്നി. പാക്കിസ്ഥാന് അതിര്‍ത്തിയോട് തൊട്ടടുത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഏറെ അപകടകരമായ സാഹചര്യത്തില്‍ മിനുറ്റുകളോളം കിടക്കേണ്ടിവന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ചന്നി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൂടുതല്‍ ഖാലിസ്ഥാന്‍ അനുകൂല നിലപാടിലേക്ക് പോവുകയാണെന്നാണ് സൂചനകള്‍. നഷ്ടപ്പെട്ട പഞ്ചാബ് ഭരണം തിരിച്ചുപിടിക്കാന്‍ ഖാലിസ്ഥാനി പ്രീണനമെന്ന വലിയ വിപത്തിലേക്ക് കോണ്‍ഗ്രസ് പോകുന്നതില്‍ ആശ്ചര്യമില്ല താനും. എന്നാല്‍ കോണ്‍ഗ്രസ് ഖാലിസ്ഥാന്‍വാദത്തെ അനൂകൂലിച്ച കാലത്തൊക്കെ ഈ രാജ്യം വളരെയധികം ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപക്ഷേ അതുതന്നെയാവണം കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യവും.
പാര്‍ലമെന്റ് ബോംബിട്ടു തകര്‍ക്കുമെന്ന ഖാലിസ്ഥാന്‍ ഭീകരസംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണിസന്ദേശം മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന്റെ തൊട്ടു തലേദിവസമാണ് ലഭിച്ചത്. മലയാളികളായ രണ്ട് എംപിമാരുടെ ഫോണിലേക്കാണ് ഈ സന്ദേശം എത്തിയത് എന്നതും ശ്രദ്ധേയമായി. സിപിഎമ്മിന്റെ രാജ്യസഭാംഗങ്ങളായ വി.ശിവദാസന്‍, എ.എ. റഹീം എന്നിവരുടെ ഫോണിലേക്ക് റെക്കോര്‍ഡ് ചെയ്ത സന്ദേശമായാണ് ഇതു ലഭിച്ചത്. ഇരുവരും വിവരം ദല്‍ഹി പോലീസിനെ അറിയിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് അക്രമിക്കുമെന്ന ഭീഷണി മുഴക്കുകയും വിദേശ രാജ്യങ്ങളില്‍ ഭാരതത്തിന്റെ ദേശീയ പതാക കത്തിക്കുകയും ഭാരതത്തിന്റെ നയതന്ത്ര ആസ്ഥാനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന ഖാലിസ്ഥാന്‍ ഭീകരസംഘടനകള്‍ കാനഡയിലും യുകെയിലും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയും അക്രമങ്ങള്‍ നടത്തുന്നുണ്ട്. ഭാരത വിരുദ്ധതയും ഹിന്ദു വിരുദ്ധതയും തന്നെയാണ് ഖാലിസ്ഥാന്‍ ഭീകരസംഘടനകളുടെ അടിസ്ഥാന ആശയമെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്തും വിദേശരാജ്യങ്ങളിലും അരങ്ങേറുമ്പോഴാണ് കോണ്‍ഗ്രസിന്റെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവിന്റെ ഭാഗത്തുനിന്ന് ഖാലിസ്ഥാന്‍ അനൂകൂല പ്രസ്താവന വന്നിരിക്കുന്നത്. കര്‍ഷക സമരങ്ങളുടെ പേരില്‍ സിഖ് സമൂഹത്തെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലെ വിജയത്തിന് വേണ്ടിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുകാലത്ത് രാജ്യത്ത് ഏറെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച ഖാലിസ്ഥാന്‍ ഭീകരവാദത്തെ വീണ്ടും ശക്തിപ്പെടുത്താനും ആഭ്യന്തര സംഘര്‍ഷത്തിലേക്ക് ഭാരതത്തെ തള്ളിവിടാനുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് അപ്രാപ്യമായി മാറിയ രാജ്യാധികാരം തിരികെ പിടിക്കുന്നതിന്, രാജ്യസുരക്ഷയെ തന്നെ തകര്‍ക്കുന്ന ഘടകങ്ങളുടെ പിന്തുണ ആശ്രയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: