പാരീസ്: മനു ഭാകറിന്റെ വെങ്കല നേട്ടത്തിനു പിന്നാലെ രണ്ട് ഭാരത ഷൂട്ടര്‍മാര്‍ കൂടി ഒളിംപിക്സിന്റെ ഫൈനലില്‍. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാല്‍, പുരുഷന്മാരുടെ ഇതേ വിഭാഗത്തില്‍ അര്ജുന് ബബൂറ്റ എന്നിവരാണ് ഫൈനലില്‍ ഇടംപിടിച്ചത്. യോഗ്യത റൗണ്ടില്‍ ഏഴാം സ്ഥാനം നേടിയാണ് അര്ജുന് ഫൈനലിലെത്തിയതെങ്കില്‍ വനിതകളില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ് രമിതലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഭാരത വനിതാ താരമാണ് രമിത. 631.5 പോയിന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം. 2004ലെ ഏതന്‍സ് ഒളിംപിക്സിലാണ് ഇതിന് മുന്‍പ് അവസാനമായി ഒരു ഭാരത വനിത റൈഫിള്‍ വിഭാഗത്തില്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. സുമ ഷിരൂരാണ് അന്ന് മെഡല്‍ റൗണ്ടിലെത്തിയത്. അതേ സുമ ഷിരുരാണ് രമിത ജിന്‍ഡാലിന്റെ പരിശീലക.
ഭാരതത്തിന്റെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേനില്‍ വാളറിവന് ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയിന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്താണ് എത്തിയത്.
പുരുഷ വിഭാഗത്തില്‍ 630.1 പോയിന്റുമായാണ് അര്ജുന് ബബൂറ്റ മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 631.7 പോയിന്റുമായി ചൈനയുടെ ഷെങ് ലിയാവോ, അര്‍ജന്റീനയുടെ മാര്‍സെലോ ജൂലിയന്‍ ഗ്വിറ്റരസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. അതേസമയം മറ്റൊരു ഭാരത താരമായ സന്ദീപ് സിങിന് ഫൈനലിലേക്ക് യോഗ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: