കൊല്ലം: ഒരു എസ്ഐ ഒരു സ്റ്റേഷനിൽ, ഒരു ദിവസം മാത്രം ജോലി ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം ആയിരിക്കും. അതാണ് ഛോട്ടാ നേതാക്കളായാലും ഭരണം കൈയ്യിലുണ്ടെങ്കിലുള്ള കഥ. ഭരണ പക്ഷ പ്രാദേശിക നേതാക്കളുടെ കരിമ്പട്ടികയിൽ പെട്ട കടയ്‌ക്കൽ എസ്ഐ ജ്യോതിഷ് ചിറവൂരിനെയാണ് രായ്‌ക്കുരാമാനം പറപറപ്പിച്ചത്. കഞ്ചാവ് കേസിൽ, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജ്യോതിഷിനെ, കൊല്ലം റൂറൽ എസ് പി സ്ഥലം മാറ്റുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് എസ്ഐ ജ്യോതിഷ് ചിറവൂർ കടയ്‌ക്കൽ എസ്ഐ ആയി ചുമതലയേറ്റെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കേസിൽ, ജയിലിലായിരുന്നവർ പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കഞ്ചവടം നടത്തുന്നതായി വിവരം കിട്ടിയത്. സിഐ രാജേഷിന്റെ നിർദേശപ്രകാരം, എസ്ഐ ജ്യോതിഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കടയ്‌ക്കൽ മേഖല, രാസലഹരി ഉൾപ്പെടെയുളള ലഹരി പദാർത്ഥങ്ങളുടെ ഹബ്ബ് ആയി മാറുന്നു എന്നതാണ് മയക്ക് മരുന്നു കേസുകളുടെ കണക്ക് സൂചിപ്പിക്കുന്നത്. അത് അമർച്ച ചെയ്യാനുളള ശ്രമം ഒരുദിവസം പിന്നിടും മുമ്പേ പ്രാദേശിക നേതാക്കൾ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. മുമ്പ് കടയ്‌ക്കൽ എസ് ഐ ആയിരുന്ന ജ്യോതിഷ് ഏതാണ്ട് 125 ഓളം കഞ്ചാവ് കേസുകൾ എടുത്തിരുന്നു.
ഹെൽമറ്റില്ലാതെ യാത്ര ചെയ്താൽ പൊലീസ് പെറ്റിയടിക്കുന്നത് നിയമം നടപ്പാക്കൽ മാത്രമല്ല, യാത്രക്കാരന്റെ സുരക്ഷയെ കൂടി കരുതിയാണ്. ഹെൽമറ്റില്ലാതെ യാത്ര ചെയ്ത ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഇരുചക്ര വാഹനത്തിന് ഇൻഷുറൻസും ഇല്ലന്ന് കണ്ടെത്തിയതിനെ തുടർന്ന് ജ്യോതിഷ് പിഴ ചുമത്തിയിരുന്നു. അതോടെ, അനിഷ്ടമായി, വിരോധമായി. അധികം വൈകാതെ എസ്ഐ ജ്യോതിഷ് ചിറവൂരിനെ സ്ഥലംമാറ്റി. ജില്ലാ റൂറൽ ഡാൻസാഫിലേക്ക് പോയ എസ്ഐ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വെഞ്ഞാറമൂട് എസ്ഐ ആയി നിയമിച്ചു. പിന്നാലെ കടയ്‌ക്കൽ എസ്ഐ ആയി വീണ്ടും നിയമിതനായി.
ചുമതല ഏറ്റെടുത്തതിന് പിന്നാലെ കഞ്ചാവുമായി ഒരു സംഘത്തെ പിടികൂടി എഫ്ഐആർ എടുക്കുകയും ചെയ്തു. എന്നാൽ, കടയ്‌ക്കലിൽ ഇനി ഈ എസ്ഐ തുടരേണ്ടെന്ന് ഭരണപക്ഷ അനുകൂലികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: