ജമ്മു: പാകിസ്ഥാനെ ജമ്മു കശ്മീരിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍.
പാകിസ്ഥാന് സ്വയം തകര്‍ച്ചയിലാണ്. ഭീകരവാദത്തിന്റെ മറവില്‍ അധികകാലം അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഇന്ദ്രേഷ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ഭാരതത്തോടുള്ള ശത്രുത വിറ്റ് ഏറെക്കാലം അവര്‍ക്ക് ജീവിക്കാനാകില്ല. പാകിസ്ഥാനിലെ ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യവും സര്‍ക്കാരും നടത്തുന്ന ഭീകരവിരുദ്ധ നടപടികളോട് ജമ്മു കശ്മീരിലെ ജനങ്ങള്‍ മുന്‍പെങ്ങും ഇല്ലാത്തവിധം സമ്പൂര്‍ണമായും സഹകരിക്കുന്നു. ഭീകരതയെ തുടച്ചുനീക്കുക എന്നത് എല്ലാവരുടെയും ലക്ഷ്യമാണ്. ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം പാകിസ്ഥാന് സ്വയം തകരുകയാണ്. ഭീകരരെ തീറ്റിപ്പോറ്റുക എന്നത് അവര്‍ക്ക് വലിയ ബാധ്യതയാണ്.
താഴ്വരയില് അവരുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ അടിക്കടി തോറ്റുകൊണ്ടിരിക്കുകയാണ്. ഭീകരതയെ പിന്തുണച്ചിരുന്ന രാജ്യവിരുദ്ധ ശക്തികള്‍ക്ക് നിലനില്പ് ഇല്ലാതായിരിക്കുന്നു. കാര്യങ്ങള്‍ പൂര്ണസമാധാനത്തിലേക്കെത്താന് ഇനി ഏറെ ദൂരമില്ല. ഭീകരത തുടച്ചുനീക്കുക തന്നെ ചെയ്യും, ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കാര്‍ഗില്‍ വിജയദിനത്തില്‍ ദ്രാസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഭാരതത്തിനെതിരായ അവരുടെ ഉദ്ദേശ്യങ്ങള്‍ ഒരുകാലത്തും നടക്കില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: