കീടനാശിനികള്‍ ജീവനാശിനികളാണ്. കീടങ്ങളെ മാത്രമല്ല മനുഷ്യരെയും അവ ലക്ഷ്യമിടുന്നു. പക്ഷേ കീടനാശിനിയില്ലെങ്കില്‍ കൃഷിയില്ല. കൃഷയില്ലെങ്കില്‍ വിളയില്ല; കര്‍ഷകനുമില്ല. കീടനാശിനിയുടെ അഭാവത്തില്‍ കീടങ്ങള്‍ നടത്തുന്ന വേതാള നൃത്തത്തില്‍ കൃഷിയും കൃഷിക്കാരനും തവിടുപൊടിയാവും.
കീടനാശിനികള്‍ പ്രധാനമായും മൂന്ന് കുടുംബങ്ങളില്‍നിന്ന് വരുന്നവരാണ്. ഓര്‍ഗാനോ ക്ലോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ്; പിന്നെ കാര്‍ബാമേറ്റുകളും. എല്ലാവരും ഒന്നിനൊന്ന് കരുത്തര്‍. ഹൃദയം, വൃക്ക, തലച്ചോറ്. നാഡിഞരമ്പുകള്‍ എന്നിവയൊക്കെ തകര്‍ത്ത് ജീവിതം നശിപ്പിക്കാന്‍ കഴിവുള്ളവ. അവരില്‍ കേമന്‍ ഓര്‍ഗാനോ ക്ലോറിന്‍ കുടുംബം. കുപ്രസിദ്ധരായ ഡിഡിടിയും ബിഎച്ച്സിയും മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെ ഈ കുടുംബത്തിലെ അംഗങ്ങള്‍.
മാറിവരുന്ന കാലാവസ്ഥയ്ക്കനുസരിച്ച് വിളകളുടെ സ്വഭാവം ആകെ മാറി. പുത്തന്‍വിളകള്‍ വന്നു. പുത്തന്‍ കീടങ്ങള്‍ കൂട്ടമായി എത്തി. കീടങ്ങളുടെ തീക്ഷ്ണതയ്ക്കനുസരിച്ച് കീടനാശിനികളുടെ വിഷവീര്യവും കൂടി. അത്തരം വിഷങ്ങളും ശേഷിച്ച അവക്ഷിപ്ത വിഷവീര്യവുമൊക്കെ പഞ്ചഭൂതങ്ങളിലൂടെ പ്രകൃതിയിലേക്കും ഭക്ഷണത്തിലൂടെ മാലോകരിലേക്കും കടന്നുകയറി. അവ പേരറിയാ രോഗങ്ങളുടെയും മാരകരോഗങ്ങളുടെയും പ്രചാരകരായി.
കീടങ്ങളും വെറുതെയിരുന്നില്ല. വിഷപ്രയോഗത്തില്‍നിന്ന് രക്ഷനേടിയ, വിഷത്തെ ചെറുക്കുന്ന കരുത്തുറ്റ സന്തതിപരമ്പരകള്‍ക്ക് അവ ജന്മം നല്കി. അവയ്ക്കുമുന്നില്‍ പഴയ തലമുറ വിഷങ്ങള്‍ തലകുനിച്ചപ്പോള്‍ കടുപ്പം കൂടിയ പുത്തന്‍കൂറ്റ് കീടനാശിനികള്‍ കൃഷിയിടത്തിലേക്ക് കുതിച്ചെത്തി.
പക്ഷേ വിഷ തീഷ്ണതയില്‍ മനുഷ്യനും പ്രകൃതിയും വലഞ്ഞപ്പോഴും വിഷപ്രയോഗത്തിലൂടെ വിളകളെ രക്ഷിക്കുന്ന കര്‍ഷകരെ ആരും ഓര്‍ത്തില്ല. കീടനാശിനി വിഷത്തിന് സ്വന്തം ആരോഗ്യത്തെ പണയം വയ്ക്കുന്ന അവരെക്കുറിച്ച് ചിന്തിച്ചില്ല. ആ പാവങ്ങള്‍ക്കുവേണ്ടിയാണ് കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള ഒരു സ്ഥാപനം പുതിയൊരു ജീവസൂത്രവുമായി എത്തിയിരിക്കുന്നത്. ‘കിസാന്‍ കവച്’ അഥവാ കര്‍ഷക കവചം. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെറ്റംസെല്‍ സയന്‍സ് ആന്‍ഡ് റീജനറേറ്റീവ് മെഡിസിന് (ഐ ബ്രിക്-ഇന്‍-സ്റ്റെം) ആണ് ഈ സമ്മാനവുമായി എത്തുന്നത്. വിശക്കുന്ന വയറുകള്‍ നിറയ്ക്കുന്നതിന് രാപകല്‍ പാടുപെടുന്ന കര്‍ഷകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ ഒരുക്കുന്ന ഈ കവചം ഒരുതരം ബുള്ളറ്റ് പ്രൂഫ് വസ്ത്രമാണ്. കീടനാശിനിയിലെ വിഷമാത്രകളെ തടഞ്ഞുനിര്‍ത്തി കര്ഷകന് രക്ഷ നല്കുന്ന മാജിക് കവചം.
പലവട്ടം ഉപയോഗിക്കാവുന്നതാണീ വസ്ത്രം. ചുരുങ്ങിയത് 50 വട്ടമെങ്കിലും കഴുകി ഉപയോഗിക്കാവുന്നത്. ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. ചെലവ് കുറഞ്ഞതും കര്‍ഷകര്‍ക്ക് താങ്ങാനാവുന്നതുമായ കര്‍ഷക കവചം കയ്യുറയും മുഖംമൂടിയും ഭേദിച്ച് രോമകൂപങ്ങളിലൂടെ നുഴഞ്ഞുകയറുന്ന വിഷമാത്രകളെ പിടിച്ചുനിറുത്തുമത്രേ. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകനായ ഡോ. പ്രവീണ്‍ കുമാര്‍ വെമുലയും സംഘവും രൂപപ്പെടുത്തിയ കിസാന്‍ കവചിനെ സംബന്ധിച്ച ഗവേഷണ ഫലങ്ങള്‍ ‘നേച്ചര്‍ കമ്യൂണിക്കേഷന്‍സ്’ എന്ന ഗവേഷണ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തി.
കീടനാശിനികള്‍ കര്‍ഷകന്റെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ നിലവില്‍ ഫലപ്രദമായ ഒരു സാങ്കേതികവിദ്യയുമില്ലെന്നിരിക്കെയാണ് കവചില്‍ സ്പര്‍ശിക്കുന്ന വിഷമാത്രകള്‍ സ്വയം നിര്‍ജീവമാകുന്ന ‘സൂത്ര’ത്തിന് ഗവേഷകര്‍ രൂപംനല്കിയത്. ‘സെവിയോ ഹെല്‍ത്ത്’ എന്ന സ്ഥാപനവുമായി ചേര്‍ന്ന് രൂപപ്പെടുത്തിയ കിസാന്‍ കവചില്‍ ‘ന്യൂക്ലിയോ ഫിലിക് മെഡിയേറ്റസ് ഹൈഡ്രോളിസിസ്’ എന്ന സാങ്കേതിക വിദ്യയാണത്രേ ഉപയോഗപ്പെടുത്തുന്നത്. ഓര്‍ഗാനോ ഫോസ്ഫേറ്റുകളും കാര്‍ബാമേറ്റുകളും അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക കീടനാശിനികളെയും വിഷമുക്തമാക്കാന്‍ കിസാന്‍ കവചത്തിനു കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എലികളില്‍ നടത്തിയ പ്രീക്ലിനിക്കല്‍ പഠനങ്ങളും ഈ അവകാശവാദം ശരിവയ്ക്കുന്നു.
ലോകമെമ്പാടുമുള്ള 300 ദശലക്ഷം കര്‍ഷകരെയാണ് കീടനാശിനി വിഷം ഓരോ വര്‍ഷവും ബാധിക്കുന്നതെന്നു കൂടി അറിയുമ്പോള്‍ മാത്രമേ ഈ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാവൂ. ഞരമ്പ്-നാഡീ രോഗങ്ങളും, പേശി തളര്‍ച്ചയും ശ്വാസംമുട്ടലും പക്ഷാഘാതവുമൊക്കെയായി വിഷമാത്രകള്‍ അവരെ കടന്നാക്രമിക്കുന്നുവെന്നും നാം അറിയണം. ഓക്സിം ഫേബ്രിക് അടിസ്ഥാനമാക്കിയുള്ള കിസാന്‍ കവച് അതിനൊക്കെ ഒരു പരിഹാരമാവുമെന്ന് പ്രത്യാശിക്കാം.
കര്‍ഷകന്റെ ആരോഗ്യം രക്ഷിക്കാനുള്ള പുത്തന്‍തലമുറ വസ്ത്രത്തിന്റെ കാര്യമാണിതുവരെ പറഞ്ഞുവന്നത്. ഇനി അവന്റെ പണവും സമയവും രക്ഷിക്കാനുള്ള ഒരു സൂത്രത്തിന്റെ കാര്യംകൂടി അറിയുക. ഇവിടെ കഥയിലെ നായകന് സാക്ഷാല്‍ ‘ഡ്രോണ്‍’ ആണ്. എന്തിനും ഉപയോഗപ്പെടുത്താവുന്ന ആളില്ലാ ചെറു വിമാനം. ബോംബ് വര്‍ഷിക്കാനും മയക്കുമരുന്ന് കടത്താനും ചാരപ്പണി നടത്താനും മുതല്‍ ജീവന് രക്ഷാ മരുന്നുകള്‍ എത്തിക്കാനും ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാനും വരെ ഇന്ന് ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ഏറ്റവും ഒടുവിലായി കൃഷിയിടത്തില്‍ കീടനാശിനി പ്രയോഗിക്കാനും ഇലകളിലൂടെ വളപ്രയോഗം നടത്താനും നാം ഡ്രോണ്‍ ഉപയോഗിച്ചു. ഇപ്പോഴിതാ നെല്ലു വിതയ്ക്കാനും എത്തിയിരിക്കുന്നു ഈ ആളില്ലാ ചെറുവിമാനം.
കാര്‍ഷിക സര്‍വകലാശാലയും മങ്കൊമ്പിലെ നെല്ല് ഗവേഷണ കേന്ദ്രവും കോട്ടയത്തെ കൃഷി വിജ്ഞാന് കേന്ദ്രവുമൊക്കെ ചേര്‍ന്നാണ് ചമ്പക്കുളത്തെ ചെമ്പടി ചക്കന്‍കേറി പാടശേഖരത്തില്‍ ജൂലൈ ആദ്യവാരം നെല്‍വിത്ത് വിമാനത്തില്‍ നിന്നും വിതച്ചത്. ഒരേക്കര്‍ നിലത്തിലായിരുന്നു പരീക്ഷണ വിത. അതിനു വേണ്ടി വന്നത് 30 കിലോ നെല്‍വിത്ത്. പത്ത് കിലോയാണ് ഡ്രോണിന്റെ ടാങ്കിന്റെ ശേഷി. മൂന്നു-നാല് വട്ടം ഡ്രോണ്‍ പറന്നു. ഓരോ പറക്കലിനും കഷ്ടിച്ച് പത്ത് മിനിട്ട് സമയം.
കര്ഷകന് സമയലാഭം. പണ ലാഭം. തൊഴിലാളി ക്ഷാമം ചിന്തിക്കേണ്ട. നടന്നു വിതയ്ക്കുമ്പോള് ചവിട്ടുകൊണ്ട് വിത്ത് താഴ്ന്നു പോവുമെന്ന ഭയവും വേണ്ട.
നാടിനെ കാടാക്കിയ മുയലുകള്‍
മരുവത്കരണത്തിനെതിരെ പോരാട്ടം നടത്തുന്ന ‘മധുര മനോഹര ചൈന’യില്‍നിന്നുള്ള ആവേശകരമായ വാര്‍ത്തയാണ് മുയലുകള്‍ രചിച്ച വീരേതിഹാസം. മംഗോളിയയിലെ ‘കുബുക്കി’ മരുപ്രദേശങ്ങളിലെ ഊഷരഭൂമിയെ ഹരിതവല്‍ക്കരിക്കാനും മരുഭൂമികള്‍ വളര്‍ന്ന് വലുതാവുന്നത് തടയാനുമാണ് ചൈന മുയലുകളെ ഇറക്കിയത്. പയറിനങ്ങളും ചെറുസസ്യങ്ങളുമൊക്കെ നട്ട് സാമൂഹ്യവനവത്കരണം അവര്‍ ആരംഭിച്ചു. ചിയാംഗ് ഷൂചെന്‍ എന്ന സസ്യശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ അവര്‍ ഫ്രാന്‍സില്‍ നിന്നും 12 ലക്ഷം റിക്സെയര്‍ മുയലുകളെയാണ് ഊഷര ഭൂമികളിലേക്ക് തുറന്നുവിട്ടത്.
ഊഷര ഭൂമിയില്‍ വേര് പിടിച്ച പുല്‍വര്‍ഗങ്ങളുടെ ചുവടുമാന്തി ദ്വാരങ്ങളുണ്ടാക്കിയ അവ മണ്ണിലെ വേരോട്ടം കൂട്ടി. വിസര്‍ജ്യം കൊണ്ട് വളം വിതറി പോഷകം വര്‍ധിപ്പിച്ചു. വന്‍തോതില്‍ പെറ്റുപെരുകിയ മുയലുകള്‍ മരുഭൂമിയെ ഒന്നാംതരം കുറ്റിക്കാടാക്കി മാറ്റാന്‍ അധികം വര്‍ഷങ്ങള്‍ എടുത്തില്ല. വര്‍ഷം 40 കുഞ്ഞുങ്ങളെ വരെ അവ പ്രസവിച്ചു. അതോടെ മുയല് രോമവും ഇറച്ചിയും തോലുംതേടി ആളുകള്‍ അവിടേക്ക് കുടിയേറിത്തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് മംഗോളിയന്‍ മരുപ്രദേശങ്ങളില്‍ പച്ചപ്പിന്റെ അളവ് കേവലം മൂന്ന് ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 87 ശതമാനം ആയിരിക്കുന്നുവത്രേ. മുയലുകള്‍ക്ക് നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: