ശാലീന സൗന്ദര്യവും കലയും എളിമയും എല്ലാം നിറഞ്ഞ് നിൽക്കുന്ന പ്രതിഭ… മലയാളികൾക്ക് നടി ആശ ശരത്ത് ഇതാണ്. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ മുതൽ ആശയ്ക്ക് മനസിൽ പ്രത്യേക സ്നേഹം നൽകിയിട്ടുണ്ട് മലയാളികൾ. ഒരു കാലത്ത് മലയാളത്തിൽ ആശ കേന്ദ്രകഥാപാത്രമായ കുങ്കുമപ്പൂവിനോളം ടിആർപിയുള്ള മറ്റൊരു പരമ്പരയുണ്ടായിരുന്നില്ല. ഇന്നും ആശയെ കാണുമ്പോൾ കുങ്കുമപ്പൂവിലെ ജയന്തിയല്ലേയെന്ന് ചോദിച്ചുകൊണ്ടാണ് ആരാധകർ സ്നേഹം പ്രകടിപ്പിക്കുന്നതും സംസാരിക്കുന്നതും
പൊതുവെ ആദ്യ സീരിയലിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുക എന്നത് എല്ലാ അഭിനേതാക്കൾക്കും ലഭിക്കുന്ന ഭാഗ്യമല്ല. പക്ഷെ ഭാഗ്യം ആശയ്ക്കൊപ്പമായിരുന്നു. കുങ്കുമപ്പൂവിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ആശ ശരത്തിനെ തേടി സിനിമയിലേയ്ക്കുള്ള അവസരങ്ങളും എത്തി തുടങ്ങിയത്.
ഫ്രൈഡെ എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലെ തുടക്കം. പക്ഷെ ഒരു കരിയർ ബ്രേക്ക് കിട്ടാൻ ദൃശ്യം സിനിമ വരെ കാത്തിരിക്കേണ്ടി വന്നു. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പോലീസ് വേഷം ആശ ശരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. പിന്നീട് അങ്ങോട്ട് ബിഗ് സ്ക്രീനിൽ ആശയ്ക്ക് തിരക്കേറി. എന്തിനേറെ പറയുന്നു… തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കാൻ ആശയ്ക്ക് സാധിച്ചു
വിവാഹത്തിന് മുമ്പ് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ ആശയ്ക്ക് അവസരം ലഭിച്ചിരുന്നു. കമലദളം എന്ന ചിത്രത്തില്‍ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേയ്ക്ക് ആദ്യം ക്ഷണിച്ചിരുന്നത് ആശയെയായിരുന്നുവത്രെ. എന്നാൽ വിവാഹത്തിന് മുമ്പ് സിനിമയില്‍ അഭിനയിക്കണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാട്.
വിവാഹശേഷം ഭര്‍ത്താവിന് താൽപര്യമുണ്ടെങ്കില് അഭിനയിക്കാമെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നുവെന്നും ആശ വെളിപ്പെടുത്തിയിട്ടുണ്ട്. അല്ലായിരുന്നുവെങ്കിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ മലയാളികൾക്ക് ആശയുടെ മുഖം വെള്ളിത്തിരയിൽ കാണാൻ അവസരം ലഭിക്കുമായിരുന്നു. അൽപ്പം വൈകിയെങ്കിലും വർഷങ്ങൾ പ്രയത്നിച്ചാലും ലഭിക്കാത്ത പ്രശസ്തിയും അംഗീകാരവും കുറഞ്ഞ സമയത്തിനുള്ളിൽ ആശയ്ക്ക് ലഭിച്ചിട്ടുണ്ട്
ഇന്ന് കലയും കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന ആശ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആശയുടെ മൂത്തമകളുടെ വിവാഹം. അതുപോലെ തന്നെ കഴിഞ്ഞ ദിവസമായിരുന്നു ആശയുടെ നാൽപ്പത്തിയൊമ്പതാം പിറന്നാൾ. പതിവുപോലെ മക്കളും ഭർത്താവും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചേർന്ന് അത് ആഘോഷമാക്കി. കൂടാതെ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യാറുള്ള മ്യൂസിക്കൽ വൈഫ് ഷോയിലും ആശയുടെ പിറന്നാൾ ആഘോഷം നടന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി മ്യൂസിക്കൽ വൈഫ് റിയാലിറ്റി ഷോയുടെ ജഡ്ജിങ് പാനലിൽ ആശയുമുണ്ട്. ഭർത്താവും അമ്മയും നേരിട്ടും മക്കളും മരുമകനും വെർച്വലായുമെത്തിയാണ് മ്യൂസിക്കൽ വൈഫ് റിയാലിറ്റി ഷോ വേദിയിൽ നടന്ന ആശയുടെ പിറന്നാളിൽ പങ്കെടുത്തത്. സർപ്രൈസ് ആസ്വദിച്ചുവെങ്കിലും പിറന്നാൾ ആഘോഷിക്കാൻ അടുത്തിടെയായി താൽപര്യമില്ലാത്തയാളാണ് താനെന്ന് ആശ വെളിപ്പെടുത്തി.
അതിനുള്ള കാരണമായി താരം പറഞ്ഞത് ഇങ്ങനെയാണ്… കുറേക്കാലമായി പിറന്നാൾ ആഘോഷം ഒന്നും നടത്താറില്ല. അതിന് കാരണം സഹോദരങ്ങളുടെ വേർപാടാണ്. എന്റെ രണ്ട് സഹോദരങ്ങളെയും ദൈവം വിളിച്ചു. എന്റെ അടുക്കൽ നിന്നും അവർ ദൂരേക്ക് പറന്ന് പോയി. ഇപ്പോൾ ഈശ്വര പാദം പുൽകി. ഞാൻ ഇന്ന് ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപോയി.
ആകെയുള്ളത് ശരത്തേട്ടനും അമ്മയും മക്കളും മാത്രമാണ് എന്നാണ് ആശ പറഞ്ഞത്. മുമ്പും സഹോദരങ്ങളെ കുറിച്ച് ആശ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും വേണുച്ചേട്ടൻ എന്റെ കൂടെയുണ്ട്. ഇപ്പോഴും ബലിതർപ്പണം ഞാൻ ചെയ്തിട്ടില്ല.
ചെയ്യാൻ ശരത്തേട്ടൻ സമ്മതിച്ചിട്ടില്ല. നമ്മൾ സമ്പൂർണമായി ബലിതർപ്പണം ചെയ്താൽ ആത്മാവ് ഈ ലോകം വിട്ടുപോകും എന്നാണ് ഹിന്ദുആചാരപ്രകാരം വിശ്വാസം. കാരണം എന്റെ ചേട്ടൻ ഈ ലോകം വിട്ടുപോയാൽ ഞാൻ ഈ ലോകത്ത് ജീവിക്കില്ല. അതുകൊണ്ടുതന്നെ ബലിതർപ്പണം ഞാൻ മരിക്കും വരെയും ചെയ്യില്ല. ആളുകൾ പറയാറുണ്ട് ചെയ്യണമെന്ന്
പക്ഷെ അതിനുള്ള മനശക്തി ഇല്ല. ഇപ്പോഴും ഞാൻ പെരുമ്പാവൂരിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ വേണുച്ചേട്ടന്റെ പ്ലേറ്റ് ഞാൻ എടുക്കും. ഇന്നും ഞാൻ ഏട്ടനെ കാണാറുണ്ട്. എന്റെ കൂടെ തന്നെയുണ്ട് എന്നാണ് കൂടപ്പിറപ്പുകളെ കുറിച്ച് ആശ മുമ്പ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: