തൃശൂർ: കെട്ടിടത്തിന് മുകളിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച സംഭവത്തിൽ 2.5 ലക്ഷം രൂപ പിഴ ചുമത്തി ഗുരുവായൂർ നഗരസഭ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രവർത്തിക്കുന്ന അവന്തി ഇൻ ലോഡ്ജിനെതിരെയാണ് ഗുരുവായൂർ നഗരസഭ നടപടി സ്വീകരിച്ചത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിടത്തിന് മുകളിൽ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് നഗരസഭ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
ഈ സ്ഥാപനത്തിൽ ഉണ്ടാകുന്ന എല്ലാ മാലിന്യങ്ങളും ടെറസിന് മുകളിൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഇവരുടെ പതിവ്. നിയമങ്ങൾ കാറ്റിൽ പറത്തി മാലിന്യം ശസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഹരിത കർമ്മ സേനക്ക് കൈമാറാതെ കൂട്ടിയിട്ട് കത്തിച്ചതിനാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത് 2.5 ലക്ഷം രൂപ പിഴ ചുമത്തുകയും സ്ഥാപനത്തൻറെ പ്രവർത്തനം നിർത്തിവയ്‌ക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ എസ് നിയാസ്, സുജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതുമൂലമുള്ള അപകടങ്ങൾ നിരവധിയായി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: