ഫ്രഞ്ച് സംസ്കാരത്തിന്റെയും, സ്വത്വത്തിന്റെയും, ജീവിത രീതിയുടെയും ജീവനാഡിയായി പാരീസ് നഗരത്തെ ചുറ്റി സെന്‍ നദി വീണ്ടും നിറഞ്ഞൊഴുകുകയാണ്.
സെന്‍; 19-ാം നൂറ്റാണ്ടിലെ ലോക പ്രശസ്ത കലാകാരന്മാര്ക്കും ചിത്രകാരന്മാര്ക്കും ഏറെ പ്രിയപ്പെട്ടവള്‍. എത്രയോ കവിതകളിലും കഥകളിലും അവള് അതിഥിയായി കടന്നുവന്നു, ആ തീരത്തിരുന്ന് അവളുടെ ഓരോ ചലനങ്ങളും അംഗഭംഗിയും ആകാരവടിവുകളും അതേപടി ഒപ്പിയെടുത്ത് ഓഗസ്റ്റ് റെനോയറും, നിക്കോളാസ്-ജീന്‍-ബാപ്റ്റിസ്റ്റും ഒക്കെ എത്രയോ ചിത്രങ്ങളിലൂടെ പാരീരിസിനെ നമുക്ക് ചിരപരിചിതമാക്കി. കലയാകട്ടെ, സാഹിത്യമാകട്ടെ, സംസ്കാരമാകട്ടെ… പാരീസ് എന്ന നഗരത്തെ ഇന്ന് ലോകസഞ്ചാരികളുടെ പറുദീസകളിലൊന്നാക്കിയത് അവളാണ്; സെന്‍.
സെന്‍ ചില്ലറക്കാരിയല്ല, ഫ്രഞ്ച് വാസ്തുവിദ്യയുടെ മുഖമുദ്രയായ ഈഫല്‍ ഗോപുരവും, ലുവര്‍ മ്യൂസിയവും, നോത്രദാം കത്തീഡ്രലും എല്ലാം സ്ഥിതിചെയ്യുന്നത് അവളുടെ കരയിലാണ്. ഈ ഫ്രഞ്ച് അഭിമാനസ്തംഭങ്ങളെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അടുത്ത് കാണാന്‍ മികച്ച മാര്‍ഗം പാരിസിനെ രണ്ടായി പകുക്കുന്ന സെനിലൂടെയുള്ള യാത്ര തന്നെ. ഈ വേനല്‍ക്കാല ഒളിംപിക്സിന് പാരീസില്‍ തിരി തെളിയുമ്പോള്‍ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് പരേഡ് സ്റ്റേഡിയത്തിനു പുറത്ത് നടക്കും. 206 രാജ്യങ്ങളില്‍ നിന്നെത്തിയ 10,000 ത്തില്‍ പരം കായിക താരങ്ങളെയും വഹിച്ചുകൊണ്ട് ആഡംബര നൗകകള്‍ 6 കിലോമീറ്ററോളം സഞ്ചരിച്ച് നോത്രദാമും ലുവറും കോണ്‍കോഡും താണ്ടി ഈഫല്‍ ഗോപുരത്തിന് താഴെ എത്തുമ്പോള്‍ അത് ലോക ഒളിംപിക്സ് ചരിത്രത്തില്‍ ഫ്രാന്‍സ് എഴുതിച്ചേര്‍ക്കുന്ന മറ്റൊരു സുവര്‍ണ ഏടാകും. പാരീസിന്റെ ചരിത്രവും സംസ്കാരവും വാസ്തുവിദ്യയുമെല്ലാം ലോകത്തിന് മുന്നില്‍ മായക്കാഴ്ചയൊരുക്കുമ്പോള് അതിന് അകമ്പടി ചേര്‍ത്ത് പോപ് താരങ്ങളായ ലേഡി ഗാഗയുടെയും സെലിന് ഡിയോണിന്റെയും സംഗീത നിശയുമുണ്ടാകും.
വേനല്‍ക്കാല ഒളിംപിക്സിനെ സ്വീകരിക്കാന്‍ പാരീസ് എല്ലാത്തരത്തിലും സുസജ്ജമായിരിക്കുന്നു. നിയന്ത്രിതമേഖലകള്‍, പ്രത്യേക സുരക്ഷാ മേഖലകള്‍, അതിസുരക്ഷാ മേഖലകള്‍ എന്നിങ്ങനെ നഗരത്തെ തരംതിരിച്ചു കഴിഞ്ഞു. മുന്‍കാലങ്ങളിലെങ്ങും കണ്ടിട്ടില്ലാത്തവണ്ണം നഗരത്തെ വലിച്ചുമുറുക്കിയാണ് ഇത്തവണ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാകും നഗരം ഇത്തരം വലിയ സുരക്ഷാക്രമീകരണങ്ങളിലൂടെ കടന്നുപോകുന്നത്. പാരീസിലെ റെയില്വേസ്റ്റേഷനുകളില് അടിക്കടിയുണ്ടാകുന്ന കത്തി ആക്രമണങ്ങള്‍, തീവ്ര മതമൗലികവാദികളുടെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെയും ഭീഷണികള്‍ അവസാനമില്ലാത്ത പാലസ്തീന് അനുകൂല പ്രകടനങ്ങള്‍, ഇവയൊക്കെ സര്‍ക്കാരിന് സൃഷ്ടിക്കുന്നത് ചില്ലറ തലവേദനയല്ല. 1972ല്‍, അയല്‍രാജ്യമായ ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ മനസിലുള്ള ഫ്രഞ്ച് സര്‍ക്കാരിന് ഒരു ചെറിയ സുരക്ഷാ വീഴ്ച പോലും ഇത്രയും മുന്നൊരുക്കങ്ങളോടുകൂടി, വര്‍ണാഭമായി അണിയിച്ചൊരുക്കിയ പാരീസ് ഒളിംപിക്സിന്റെ ശോഭ കെടുത്തുമെന്ന് നന്നായറിയാം. അതുകൊണ്ടു തന്നെയാകും ഏകദേശം രണ്ടാഴ്ച മുന്‍പുതന്നെ നഗരം പോലീസിന്റെയും സൈന്യത്തിന്റെയും പൂര്‍ണ നിയന്ത്രണത്തിലായത്.
44,000 മെറ്റല്‍ ബാരിക്കേഡുകള്‍ മാത്രം നഗരത്തെ വലിച്ചുമുറുക്കുമ്പോള്‍, ഉദ്ഘാടന പരേഡ് നടക്കുന്ന ആറു കിലോമീറ്ററില്‍ നദിക്കു കുറുകെ കടക്കാന്‍ തദ്ദേശവാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും അനുവാദമില്ല. തദ്ദേശവാസികള്‍ക്കായി പ്രത്യേക പാസും ക്യുആര്‍ കോഡും ചെക് പോയിന്റുകളും ഒരുക്കിയിരിക്കുന്നു. സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിരിക്കുന്ന 45,000 പോലീസുകാരോടൊപ്പം 10,000 സൈനികരും 20,000 സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര സാഹചര്യങ്ങളെയും തീവ്രവാദി ആക്രമണങ്ങളെയും ചെറുക്കതക്കവണ്ണം സദാ സജ്ജരായി പാരീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു താല്‍ക്കാലിക സൈനികത്താവളം തന്നെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നു.
പൊതുവേ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പരിചിതമല്ലാത്ത ഇവിടുത്തെ നഗരവാസികള്‍ക്ക് ഒളിംപിക്സ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. അവരുടെ ദൈനംദിന യാത്രകള്‍ക്കാശ്രയിക്കുന്ന മെട്രോയും ബസും ഒക്കെ നിരക്കുകള്‍ കൂട്ടിയതും ഒളിംപിക്സിനുംശേഷം വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്കയും ഒക്കെ നഗരവാസികളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈ ആശങ്കകള്‍ക്കിടയിലും ഒളിംപിക്സ് കാണികള്‍ക്കായി തങ്ങളുടെ വീടുകള്‍ മാസവാടകയ്ക്ക് നല്കി അവധി ആഘോഷിക്കാന്‍ ഒരു വലിയ വിഭാഗം ആളുകളും തയ്യാറെടുത്തുകഴിഞ്ഞു. 12 മില്യണ്‍ കാണികളെ പ്രതീക്ഷിക്കുന്ന പാരീസില്‍ അശൃയിയ എന്ന വെബ്സൈറ്റില്‍ മാത്രം വാടകയ്ക്ക് നല്കുവാന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏകദേശം 1,45,000 വീടുകളാണ്!
അതിസമ്പന്നര്‍ മാത്രമല്ല, ഭവനരഹിതരും അഭയാര്‍ഥികളും കൂടി അങ്ങിങ്ങായി തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് പാരീസ്. കുറ്റകൃത്യങ്ങള്‍ ഏറെയുള്ള നഗരം. ഒളിംപിക്സ് ഒരുക്കങ്ങള്‍ക്ക് ഏറെ മുന്നേ തന്നെ സര്‍ക്കാരും സര്‍ക്കാരിതര എന്‍ജിഒകളും ഇടപെട്ട് ഇവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പുനരധിവസിപ്പിക്കാന്‍ തുടങ്ങിയെങ്കിലും അതത്ര ഫലവത്തായെന്നു തോന്നുന്നില്ല. എല്ലാ കണ്ണുകളും പാരീസിലേക്ക് തിരിഞ്ഞ ഈ സമയത്ത് നഗരത്തെ തേച്ചുമിനുക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നത് നിസാരകാര്യമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കൂട്ടരും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം റീല്‍സിലും യൂട്യൂബ് ഷോര്‍ട്സിലും കാണുന്ന സുന്ദരമായ പാരീസ് നഗരത്തിന്റെ ആ മുഖം ലോകത്തിന് മുന്നില്‍ താല്‍ക്കാലികമായെങ്കിലും അങ്ങനെ തന്നെയിരിക്കട്ടെ. ഒരുപക്ഷേ മാനുഷികമൂല്യങ്ങളുടെ അളവ് ത്രാസില്‍ തൂക്കിനോക്കിയാല്‍ ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും ആ ഇരുണ്ട മറുപുറത്തെ മറകെട്ടി മറയ്ക്കുന്നത് ഫ്രാന്‍സിന്റെ ടൂറിസം സാധ്യതകളെ വീണ്ടും ശക്തമാക്കും. അതിനാല്‍ത്തന്നെ, ലോക ടൂറിസം റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ഫ്രാന്‍സിനെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്താനുമാകില്ല.
ഇത്തവണത്തെ ഒളിംപിക്സ് നടക്കുക പാരീസിനൊപ്പം 63 ചെറുപട്ടണങ്ങളിലായിട്ടാണ്. ആവേശം പകരാന്‍ സര്‍ഫിങ് മത്സരം നടക്കുന്ന ദക്ഷിണ പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് ദ്വീപായ താഹിതി വരെയുണ്ട്. ഈഫല്‍ ഗോപുരത്തിന് താഴെ ബീച്ച് വോളിബോളും, ഉദ്യാനത്തില്‍ ജൂഡോയും ഗുസ്തിയും അരങ്ങേറുമ്പോള്‍, ലോകത്തിലെ ഏറ്റവും മനോ
ഹരമായ വീഥികളില്‍ ഒന്നായ ഷാംസ് എലിസെയുടെ അരികെ ഫെന്‍സിങ്, തയ്ക്കൊണ്ടോ താരങ്ങള്‍ ഏറ്റുമുട്ടും. ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണകളുറങ്ങുന്ന പ്ലാസ് ഡി ല കോണ്കോഡില് ഒളിംപിക്സിലെ ഏറ്റവും പുതിയ ഇനമായ ബ്രേക്ക് ഡാന്‍സും, സ്കേറ്റ് ബോര്‍ഡും, ബിഎംഎക്സ് ഫ്രീ സ്റ്റൈലും കാണികളെ ത്രസിപ്പിക്കും. അവിടെ നിന്നും 20 കിലോമീറ്റര്‍ അകലെ വെര്സായെ കൊട്ടാരത്തില്‍ ഷോ ജംപിങ്ങിലും മാരത്തോണ്‍ സര്‍ക്യൂട്ടിലും കായികതാരങ്ങള്‍ മാറ്റുരയ്ക്കും.
ഫ്രാന്‍സ് ഗരിമയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. തങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങളെ, പ്രൗഢികളെ വര്‍ണ്ണത്തില്‍ ചാലിച്ച് ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുകൊണ്ട്, ചരിത്രത്തിന്റെ സുവര്‍ണരേഖകളില്‍ സ്ഥാനം പിടിക്കപ്പെടാന്‍ പോ
കുന്ന കായിക മാമാങ്കത്തിന്റെ സാരഥ്യമേറ്റെടുത്തുകൊണ്ട്…ഇനി രണ്ടാഴ്ച ലോകത്തിന്റെ കണ്ണുകള്‍ പാരീസിലേക്ക് തുറന്നിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: