വാഷിങ്ടണ്‍: രാജ്യത്തിന്റെ ജനാധിപത്യം വോട്ടര്‍മാരുടെ കൈകളിലാണെന്നും യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും മത്സരിക്കുന്നില്ലെന്ന തീരുമാനം ജനാധിപത്യപരമാണെന്നും ജോ ബൈഡന്. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ യാതൊന്നും തടസമാകില്ല. വ്യക്തിപരമായ താത്പര്യവും ഇത്തവണ മത്സരിക്കുന്നില്ലെന്നതാണ്. പുതിയ തലമുറയ്ക്ക് ബാറ്റണ്‍ കൈമാറുന്നു,ബൈഡന് അറിയിച്ചു. കൊവിഡ് ഐസൊലേഷനില്‍ തുടരുന്നതിനിടെയായിരുന്നു മത്സരത്തില്‍ നിന്ന് പിന്മാറുന്നതായുള്ള ബൈഡന്റെ പ്രഖ്യാപനം. അതിനുശേഷം ബുധനാഴ്ചയാണ് ബൈഡന് പൊതു പ്രസംഗം നടത്തിയത്.
എന്നാല്‍ ബൈഡന്റേത് വളരെ മോശം പ്രസംഗമാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. വക്രബുദ്ധിക്കാരനായ ജോ ബൈഡനും എപ്പോഴും കള്ളം പറയുന്ന കമല ഹാരിസും രാജ്യത്തിന് വലിയ നാണക്കേടാണ്. ഇതുപോലൊരു ഭരണകാലം മുന്‍പ് ഉണ്ടായിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ബൈഡന്റെ ആരോഗ്യനില സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരുകയും വീണ്ടും ബൈഡനെ മത്സരിപ്പിക്കുന്നതില്‍ അംഗങ്ങള്‍ സംശയവും പ്രകടിപ്പിച്ചിരുന്നു. കൂടാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ ബൈഡന് മോശം പ്രകടനം കാഴ്ചവച്ചതും പാര്‍ട്ടി അനുകൂലികളുടെ അതൃപ്തിക്ക് കാരണമായി. ഇതോടെയാണ് അദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
കമല ഹാരിസ് മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും, രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഏറ്റവും പ്രാപ്തയായ വ്യക്തിയാണെന്നുമാണ് പിന്മാറ്റ വേളയില്‍ ബൈഡന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: