പൈതൃകജ്ഞാന സമ്പത്തിന്റെ നിലവറയാണ് ആദ്ധ്യാത്മ രാമായണം. വേദോപനിഷത്തുക്കള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി, ശ്രുതി, ദര്‍ശനങ്ങള്‍ എന്നീ ആത്മീയവും ശാസ്ത്രീയവുമായ ജ്ഞാനധാരയാണ് ഇതിഹാസത്തിന്റെ അന്തര്‍മണ്ഡലത്തില്‍ സമന്വയിക്കപ്പെടുന്നത്. അറിവിന്റെ ചാക്രികമായ ഭ്രമണ സങ്കല്‍പ്പം ഈ ദര്‍ശന വൈഖരിയില്‍ പ്രത്യക്ഷമാണ്. ഈ ദര്‍ശനവിദ്യ ആത്മവിദ്യയുടെ തന്നെ പരിവേഷമായി തിളങ്ങുന്നു. അറിവ് ഉല്പാദിപ്പിക്കുക, വിതരണം ചെയ്യുക, അറിവിലൂടെ മുക്തിപദം പ്രാപിക്കുക എന്ന ആശയധാരയാണിത്. ഭക്തിയുടെ മഹാസന്തര്‍പ്പണത്തിലൂടെ ഉപാസനയുടെ മന്ത്രഗരിമയും തപസ്സിന്റെ പഠനമനനങ്ങളും ഇത് ആവശ്യപ്പെടുന്നു. രാമായണാക്ഷരിയോതുന്ന ജ്ഞാനാകാശം അറിവിന്റെ ചൈതന്യധന്യതയെ വിമലീകരിക്കുന്നു.
വരികളിലോരോന്നിലും നിറഞ്ഞുനില്ക്കുന്ന അത്ഭുതാത്മകമായ അറിവും ആദര്‍ശവും സത്യാന്വേഷണ പ്രവണതയുമാണ് രാമായണത്തെ ഗുരുഗ്രന്ഥമാക്കുന്നത്. ഭക്തിയുടെ ജ്ഞാനോപനിഷത്താണ് അദ്ധ്യാത്മ രാമായണം. ഹനുമദ്സ്തുതി, സ്വയം പ്രഭാസ്തുതി, വിഭീഷണസ്തുതി, പരശുരാമ സ്തുതി, അഹല്യാ സ്തുതി, അഗസ്ത്യ സ്തുതി, ആദിത്യ സ്തുതി, ജടായു സ്തുതി, കബന്ധ സ്തുതി, നാരദ സ്തുതി, വസിഷ്ഠോപദേശം, ലക്ഷമണോപദേശം, താരോപദേശം തുടങ്ങി ആത്മമോക്ഷഹേതുവായ സുവര്‍ണ്ണ താക്കോലുകളാണ് ബ്രഹ്മസത്യത്തിന്റെ നിലവറ തുറക്കാന്‍ രാമായണത്തിന്റെ അര്‍ത്ഥാര്‍ത്ഥിക്ക് വീണുകിട്ടുന്നത്. രാമായണ കാവ്യസരസ്വതിയുടെ താമരനൂല്‍കൊണ്ട് അനാദിയും അപൗരുഷേയവുമായ വേദത്തെ സംയോജിപ്പിക്കുകയാണ് എഴുത്തച്ഛന്. ഈ ആത്മീയ ബന്ധം നിഷ്ക്കാമ ഭക്തിയുടെ സാന്ദ്രതയില്‍ ധര്‍മ്മോപദേശ സരണിയാവുന്നു. വിശിഷ്ടാദൈ്വതത്തിന്റെ ശ്രീഭാഷ്യമാണത്.
കാലം എന്നും ധര്‍മ്മ കാമനയുടെ രാമപഥ സഞ്ചാരത്തിലാണ്. രാമദൂതന്മാരായി അത് കേട്ടു പഠിക്കാന്‍ തലമുറകള്‍ ആന്തരിക കര്‍ണ്ണം തുറന്നിരിപ്പാണ്. സനാതന സംസ്കൃതിയുടെ ഓങ്കാര ധ്വനിയില്‍ മുക്തിയുടെ ഫലശ്രുതി ഉണരുന്നു.
”ആപദാമപഹര്‍ത്താരം ദാതാരം സര്‍വ്വസമ്പദാം
ലോകാഭിരാമം ശ്രീരാമം ഭൂയോഭൂയോ നമാമ്യഹം
രാമായ രാമചന്ദ്രായ രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ സീതയാ പതയേ നമഃ”
എന്ന നാമസമര്‍പ്പണാനന്തരം നാമജപമന്ത്രമാലയാണ് എഴുത്തച്ഛന് കാവ്യാന്തരീക്ഷത്തിലുടനീളം കൊരുത്തുചേര്‍ത്തൊരുക്കുക. വന്ദന ഭക്തിയിലൂടെയുള്ള ഈശ്വര പൂജയാണിത്. അര്‍ച്ചനയിലൂടെ സര്‍വ്വഖല്വിദം- നിശ്ചയമായും എല്ലാം ബ്രഹ്മം തന്നെയെന്നുള്‍ക്കൊണ്ട ഉപാസകന് നാമവന്ദന പ്രാര്‍ത്ഥനയിലൂടെ അന്തഃകരണ ശുദ്ധിപ്രാപിക്കുന്നു. പരിശുദ്ധമായ ഭഗവദ് പ്രേമമാണ് ഭക്തിയെന്ന് രാമഭക്തരിലൂടെയാണ് ആചാര്യന് തെളിയിക്കുന്നത്. രാമ മഹിമയുടെ സത്യശിവസൗന്ദര്യത്തിലൂടെയാണ് ഭക്തിയുടെ അനന്തമായ യോഗപദ്ധതി ആചാര്യന് അനാവരണം ചെയ്യുന്നത്. കൗസല്യാസ്തുതി, അഹല്യാസ്തുതി, പരശുരാമസ്തുതി, സുതീഷ്ണ സ്തുതി, അഗസ്ത്യ സ്തുതി, ജടായു സ്തുതി, ഇന്ദ്ര സ്തുതി എന്നിവ നാമമന്ത്രങ്ങളുടെ സുവര്‍ണ്ണ ഹാരമാണ്.
”ദാസീ തവാഹം രഘുപതേ! രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാന്‍
സാമ്യമില്ലാത ജഗല്പതേ! ശ്രീപതേ!”
പര്യായ നാമങ്ങളിലൂടെ ധ്വന്യാത്മകമാകുന്ന ഗുണസഞ്ചയം സ്മരണമണ്ഡലത്തില്‍ പ്രകാശിക്കുകയും ആവര്‍ത്തനത്തിലൂടെ അവ സ്വാംശീകൃതങ്ങളാവുകയും ചെയ്യുന്നു. ഇതാണ് ജപയജ്ഞം. യജ്ഞാനാം ജപയജ്ഞോസ്മി എന്ന ഗീതാമന്ത്രത്തിന്റെ ആവിഷ്കാര പദ്ധതിയാണ് രാമായണത്തിലെ നാമാവലീ കീര്‍ത്തനങ്ങള്‍. ഈശ്വരനാമത്തോടൊപ്പം സഹൃദയ സമര്‍പ്പണത്തില്‍ മനോമാലിന്യം അലിഞ്ഞില്ലാതാകുന്നു. ശുദ്ധബോധത്തിന്റെ വിശുദ്ധിമാര്‍ഗ്ഗത്തില്‍ ഹൃദയം വിഗ്രഹപീഠമായി മാറുന്നു. ഭക്തിയുടെ അഷ്ടബന്ധമിട്ടുറപ്പിക്കുന്ന ബ്രഹ്മസങ്കല്‍പ്പത്തില്‍ മായയാകുന്ന അകം സച്ചിദാനന്ദ ലഹരിയനുഭവിക്കുന്നു.
”ഭഗവദ് ആദിപുരുഷസ്യ നാരായണസ്യ
നാമോച്ചാരണ മാത്രേണ നിര്‍ധൃത കലിര്‍ഭവതി”
എന്ന് കലിസന്താരണോപനിഷത്ത് അനുശാസിക്കുന്ന നാമയജ്ഞത്തിന്റെ പ്രവാചകനാണ് തുഞ്ചത്താചാര്യന്. രാമനാമത്തിന്റെ താമരത്തോണിയായി ഗ്രന്ഥം സംവിധാനം ചെയ്തിരിക്കുന്നു. ശരീരത്തിലും സൂക്ഷ്മശരീരത്തിലും നാമപ്പൊരുളുകള്‍ സ്പന്ദനങ്ങളുടെ ഏകാഗ്രഭാവം സ്ഫുടീകരിക്കും. ഏകാന്തഭക്തിയുടെ താളലയങ്ങളില്‍ ആ താമരത്തോണിയില്‍ ഭവസാഗരം തരണം ചെയ്യാം. എവിടെയും ആര്‍ക്കും എപ്പോഴും രാമമന്ത്രമാവാം. ആത്മീയ നിയമാദികള്‍ക്കപ്പുറമാണ് ജപയജ്ഞം.
രാമായണ സ്തുതികള്‍ കേവലം ഈശ്വരനുള്ള മുഖസ്തുതിയല്ല. വേദാന്തപ്പൊരുളിനെ അക്ഷരമൂര്‍ത്തിയായി അവതരിപ്പിക്കുന്ന ഗീതകങ്ങളാണവ. പരമപുരുഷന്റെ പര്യായപദങ്ങള്‍ വാരിക്കോരി നിറയ്ക്കുകയല്ല ലക്ഷ്യം.
അവസരോചിതമായി ജീവാത്മാക്കള്‍ സ്വയം സമര്‍പ്പണ മുഹൂര്‍ത്തത്തില്‍ സ്വയം മറന്ന് മന്ത്രിച്ചുപോകുന്ന നാമോപനിഷത്തുക്കളാണ്. സത്യപ്പൊരുളിന്റെ വാങ്മധുവാണ് ഓരോ നാമത്തിനുള്ളിലും ആത്മരസമായുള്ളത്. ആ മധുനുകരാന്‍ പാടിപ്പാറുന്ന ഭക്തന്റെ ആത്മവിസ്മൃതിയാര്‍ന്ന അര്‍ച്ചനാകുസുമങ്ങളാണ് ആ സ്തുതിവാക്യങ്ങള്‍.
”ശ്രീ മഹാദേവനും നിന്തിരുനാമങ്ങള്‍
രാമ രാമേതി ജപിക്കുന്നതിതന്വഹം
യോഗം വരുവാനനുഗ്രഹിച്ചീടണം
യോഗമൂര്‍ത്തേ! ജനകാത്മജാ വല്ലഭാ”
എന്ന് ഇന്ദ്രസ്തുതിയില്‍ മഹാദേവന് പോലും ആത്മശുദ്ധിപ്രദവും ഭക്തിമുക്തിപ്രദവുമായ രാമനാമ മഹിമയില്‍ ആനന്ദം കണ്ടെത്തുകയാണെന്ന് രാമനെ ഉണര്‍ത്തിക്കുന്നത് കേള്‍ക്കാം. പരബ്രഹ്മ സങ്കല്പ്പത്തിലേക്കുള്ള തത്ത്വാധിഷ്ഠിതമായ ശ്രേണിയാണ് രാമായണസ്തുതികള്‍. സ്തുതിവാക്യമോരോന്നും തത്ത്വമസിയുടെ സാധനാപര്‍വ്വമാകുന്നു; സൂര്യഗായത്രിയാവുന്നു.
ആവര്‍ത്തിച്ചുറപ്പിക്കുന്ന നാമരൂപങ്ങളില്‍ നാരായണ രൂപം പ്രത്യക്ഷമാകുന്നു. രാമനും ‘വായനാരാമനും’ രാമായണവും ഇവിടെ അദൈ്വതം പ്രാപിക്കുന്നു. രാമായണ സ്തുതികള്‍ പരമപുരുഷനെ ആത്മാവില്‍ വിളിച്ചുണര്‍ത്തുന്ന ശബ്ദബ്രഹ്മമാകുന്നു.
(തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: