‘വിശ്വം ഭവത്യേക നീഢം’ എന്ന മഹാവാക്യത്തിന്റെ ഭാവശില്പ്പ സാക്ഷാത്കാരമാണ് രാഷ്ട്രം എന്ന പദപൂര്ണ്ണിമയില് തെളിയുന്നത്. വ്യക്തിയും സമൂഹവും അതിന്റെ ആംശിക ഘടകങ്ങളാകുമ്പോള്‍ മാനവശക്തിയുടെ മഹിതമന്ത്രമാവുന്നു. ഭാരതീയത എന്ന സനാതന ധര്‍മ്മശാസ്ത്രം അതിന്റെ രാഷ്ട്രമീമാംസയും സംഹിതയും നൈതിക പ്രത്യക്ഷവുമാണ്. രാഷ്ട്രം പ്രജകളുടെ പെറ്റമ്മയാണ്. ‘പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തെക്കാള്‍ മനോഹരം’ എന്ന സങ്കല്പ്പ കാന്തിയാണ് ഭാരതപൈതൃകം. രാഷ്ട്രത്തിന് ഉയിരേകാനും ഉദ്ധാരണത്തിനും ഉണ്മയായി പ്രോജ്ജ്വലിക്കാനും രാഷ്ട്രനായകന് പ്രതിജ്ഞാബദ്ധനാണ്. ഭാരതത്തിന്റെ ആദര്‍ശാത്മകമായ മാനവികതയും ധാര്‍മ്മികമായ സ്ഥിതി സമത്വവും ‘രാമരാജ്യ’ത്തിന്റെ മാതൃകാ മാനക ബിന്ദുക്കളാണ്. അസ്തമിക്കാത്ത സൂര്യസാമ്രാജ്യത്തിന്റെ ആ വിഭൂതിസ്പര്ശം കാലങ്ങളിലേക്ക് ആനയിക്കപ്പെടുന്നു. രാമരാജ്യത്തിന്റെ സമഗ്ര ചേതസ്സും ധന്യതയുമാര്ന്ന ആധുനിക രാഷ്ട്രത്തെയാണ് രാഷ്ട്രപിതാവ് വിഭാവനം ചെയ്തത്.
എഴുത്തച്ഛന് രാമസാമ്രാജ്യത്തിന്റെ ഐശ്വര്യലക്ഷ്മിയുടെ അപദാനം പാടുക യുദ്ധകാണ്ഡത്തിന്റെ പര്യവസാനത്തിലാണ്. വിശ്വമാനവികതയുടെ എട്ടതിരുകളില് ധാര്‍മ്മികമായ സ്ഥിതിസമത്വം പുലരുന്ന പുണ്യഭൂമിയാണത്. ജാനകീദേവിയോടൊപ്പം രാഘവന് ആനന്ദമുള്ക്കൊണ്ട് അശ്വമേധാദി യാഗങ്ങള്‍ ചെയ്ത് സദ്കീര്ത്തിമാനായി വാഴുന്നു. പ്രജകള്‍ക്ക് പരമസൗഖ്യമേകിയാണ് രാമഭരണം. പ്രകൃതിയും കാലവും പൂവിട്ട് നില്ക്കുന്ന സാമ്രാജ്യത്തില്‍ വര്‍ണ്ണാശ്രമ ധര്‍മ്മം പാലിക്കുന്ന ജനം. അവരുടെ മനസ്സും വചസ്സും കര്‍മ്മവും നന്മയെ ലക്ഷ്യമാക്കിയാണ്. ശോകമോഹങ്ങളില്‍ നിന്നകന്ന് അവര്‍ സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ അനുഭവിക്കുന്നു.
”നന്ദനന്മാരെ പിതാവു രക്ഷിക്കുന്ന
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്”
എന്ന് കവിവചനം. ത്യാഗ ധര്‍മ്മങ്ങളുടെ പ്രത്യയശാസ്ത്രമാണ് അന്ന് രാജ്യം ഭരിച്ചത്. ഋഷിവര്യന്മാരാണ് ചക്രവര്‍ത്തിയുടെ ഉപദേഷ്ടാക്കള്‍. ധര്‍മ്മവിഗ്രഹമായ ഭരണാധികാരിക്ക് കീഴില്‍ പ്രകൃതിയും ഭൂമിയും സര്‍വ്വൈശ്വര്യങ്ങളും കനിഞ്ഞേകുന്നു. രോഗ ദാരിദ്ര്യ പീഡകളില്ല. സ്ഥിതിസമത്വത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും ആഹ്ലാദാരവങ്ങളാണ് എവിടെയും. രാജധര്‍മ്മത്തിന്റെയും പ്രജാഹിതത്തിന്റെയും പൂപ്പൊലിയില്‍ രാമരാജ്യം സ്വര്‍ഗ്ഗവാതില്‍ തുറക്കുകയായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെക്കുറിച്ചുള്ള ആദിസങ്കല്പ്പങ്ങള്‍ ‘ഋഗ്വേദ’ത്തിലെ ‘സമാനോ മന്ത്ര സമിതി സ്സമാനി’ എന്ന സൂക്തപ്പൊരുളില് ദര്‍ശിക്കാം. ഈ ആശയമൂശയാണ് രാമരാജ്യത്തിലെ ആദര്‍ശാത്മക സ്ഥിതി സമത്വ വ്യവസ്ഥിതി. സ്വയം സന്തുലനവും പ്രകൃതിയുടെ സന്തുലനവും നിലനിര്‍ത്തിയത് ഭരണകര്‍ത്താവായ രാമന്റെ നയചാതുരിയാണ്. പ്രപഞ്ചനാഥന്റെ പ്രതിനിധിയും പ്രജാദാസനുമായ ചക്രവര്‍ത്തിയാണ് ഭാരതീയ പൈതൃകത്തിലെ മാതൃകാ ഭരണാധികാരി. അസ്തമിക്കാത്ത സൂര്യസാമ്രാജ്യത്തില് രഘുവീരന് ഉയര്‍ത്തിയ വെണ്കൊറ്റക്കുടയ്ക്ക് കീഴില്‍ രാജ്യം രാമമയമായി. പരിത്യാഗത്തിന്റെ ആത്മശക്തിയായിരുന്നു ഭരണാധിപനായ രാമന്. അക്ഷരാര്‍ത്ഥത്തില്‍ യുദ്ധമൊഴിഞ്ഞ ഭൂമിയായിരുന്നു അയോദ്ധ്യ. രാഷ്ട്രതന്ത്രജ്ഞനും നയകോവിദനുമായ ആ ഭരണാധികാരി സ്വാതന്ത്ര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ജീവവായുവാണ് രാഷ്ട്രത്തില്‍ ഒഴുക്കിയത്. യജ്ഞധര്മ്മാധിഷ്ഠിതമായിരുന്നു രാജ്യം. ഭൂദേവിയുടെ സര്‍വ്വസമൃദ്ധിയും കര്‍ഷകരുടെ അദ്ധ്വാന തപസ്സിലൂടെയാണ് നേടിയത്. രാമന് പ്രജകള്‍ക്ക് ഉപദേശം നല്കിയിരുന്നതുപോലും അവരെ കൈകൂപ്പി വന്ദിച്ചാണ്. ആനന്ദ സാമ്രാജ്യത്തിന്റെ അധിപതിയായിരുന്നു ഓരോ പ്രജയും.
സാമ-ദാന-ഭേദ-ദണ്ഡങ്ങളാക്കുന്ന ചതുരുപായങ്ങളൊന്നും രാമരാജ്യത്തില്‍ പ്രയോഗിക്കേണ്ടി വന്നിട്ടില്ല. നഹുഷനും, യയാതിയും ശിബിയും ഹരിശ്ചന്ദ്രനും ഭാരതവര്‍ഷത്തിലെ മാതൃകാ ചക്രവര്‍ത്തിമാരായി വിഖ്യാതി നേടിയിട്ടുണ്ടെങ്കിലും രാമരാജ്യം മാത്രമാണ് എക്കാലത്തെയും ഏറ്റവും ശ്രേഷ്ഠമായ ഭരണസംവിധാന മാതൃകയായി പരിലസിക്കുന്നത്. ആര്ഷാദര്ശ സമന്വയത്തിന്റെ ആസൂത്രണ പ്രവണമായ പ്രായോഗിക പദ്ധതിയാണ് ഭരണതലത്തില്‍ രാമന് സാക്ഷാല്‍ക്കരിച്ചത്. യജ്ഞധര്‍മ്മങ്ങളുടെ പൈതൃക സംസ്കൃതിയിലൂടെയാണ് രാമരാജ്യത്തിന്റെ സഞ്ചാരം. സത്യവും സമത്വവും സ്വാതന്ത്ര്യവും സമസ്തധര്മ്മവും തത്വാധിഷ്ഠിതമായ അധികാരത്തിന്റെ മനുഷ്യ കിരീടം ചുടുമ്പോള്‍ രാമനും രാമരാജ്യവും ഒന്നാകുന്നു. രാജനൈതികതയുടെ ഭാരതീയാവിഷ്ക്കാരമാണ് രാമന്റെ രാജ്യഭാരം. പ്രപഞ്ചത്തെ മുഴുവന്‍ ഏക വ്യവസ്ഥയായി സങ്കല്പിക്കുമ്പോള് രാജ്യം ആ വ്യവസ്ഥയുടെ ആംശിക ഘടകമാകുന്നു.
രാമരാജ്യത്തിലെ ആകാശവും ഭൂമിയും മനുഷ്യനെ മനുഷ്യനാക്കാന്‍ മാടിവിളിക്കുന്നു. പ്രജ സ്വധര്മത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് രാമന് അശ്വമേധ വിജയത്തിന്റെ അമരക്കൊടി പാറിക്കാനാവുന്നത്. പ്രജയും രാമനും ഒരുപോലെ രാമരാജ്യത്തിന്റെ വിജയ വൈജയന്തികളാണ്. ജനം ദേശത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുമ്പോഴാണ് അവിടെ രാമരാജ്യ പ്രതിഷ്ഠാനം നിര്‍വ്വഹിക്കപ്പെടുക. ദേശീയതയുടെ നെഞ്ചിടിപ്പില്‍ രാമന്റെ പേരിനൊപ്പം രാജ്യത്തിന്റെ കീര്‍ത്തിയും ഉണര്‍ന്ന് കേള്‍ക്കാം. സൂര്യവംശം ഉയര്‍ത്തിനിര്‍ത്തിയ രാമരാജ്യ സ്വപ്നങ്ങളുടെ കാന്തിക്ക് അസ്തമനമില്ല. രാമസാമ്രാജ്യം വാണരുളിയ ആ ധര്‍മ്മത്തിന്റെ ചെങ്കോല്‍ കാലാന്തരങ്ങളില്‍ ഭാരതം വീണ്ടെടുക്കുകതന്നെ ചെയ്യും. ഫലശ്രുതിയുടെ ദര്‍ശന സാരവും ഇതുതന്നെ.
(തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: