ന്യൂദല്‍ഹി: നീറ്റ് ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച പരിമിതമായ രീതിയില്‍ മാത്രമെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ പുറത്ത്. 23.33 ലക്ഷം പേര് എഴുതിയ പരീക്ഷയില്‍ 700 മാര്‍ക്കോ അതിലധികമോ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 2,321 മാത്രമാണെന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ വ്യക്തമായി. രാജ്യത്തെ 1,404 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ കുട്ടികളാണിവര്‍. 2023ല്‍ ഇത് 116 നഗരങ്ങളിലെ 310 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്. അതായത് ഒരു കേന്ദ്രത്തില്‍ രണ്ടു പേര്‍ക്ക് പോലും ഇത്തവണ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഇതു വ്യക്തമാക്കുന്നു.
25 സംസ്ഥാനങ്ങളിലെ 276 ജില്ലകളിലെ 1,404 പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് 700ന് മുകളിലുള്ള ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. പരമ്പരാഗത നീറ്റ് ട്യൂഷന് സെന്ററുകളായ രാജസ്ഥാനിലെ കോട്ട, സിക്കര്‍, കേരളത്തിലെ കോട്ടയം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ മുന്നിലെത്തിയവര്‍. ആദ്യ നൂറു റാങ്ക് ലഭിച്ച കുട്ടികള്‍ 56 നഗരങ്ങളിലെ 95 പരീക്ഷാ കേന്ദ്രങ്ങളിലായി നീറ്റ് എഴുതിയവരാണ് എന്ന കണക്കും പുറത്തുവന്നു. ആദ്യ ആയിരം റാങ്ക് ലഭിച്ചവര്‍ 187 നഗരങ്ങളിലെ 706 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്കാണ്. 431 നഗരങ്ങളിലെ 2,959 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികളാണ് ആദ്യ പതിനായിരം റാങ്കില്‍ ഇടംപിടിച്ചത്.
എഴുനൂറിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ ലഖ്നൗ (35), കൊല്‍ക്കത്ത (27), നാഗ്പൂര്‍ (20), ഇന്‍ഡോര്‍ (17) കട്ടക്ക് (16), നോയിഡ (14), ആഗ്ര (13) എന്നിങ്ങനെ വിവിധ ഭാഗങ്ങളിലായാണുള്ളത്. ഇത്തവണ 650 നും 699 നും ഇടയില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ 509 നഗരങ്ങളിലെ 4,044 പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് എഴുതിയവരാണ്. 2023ല്‍ ഇത് 381 നഗരങ്ങളിലെ 2,431 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്ക്് ലഭിച്ചിരുന്നു. ഇത്തവണ 600-649 മാര്‍ക്ക് ലഭിച്ചവര്‍ 540 നഗരങ്ങളിലെ 4,484 കേന്ദ്രങ്ങളില്‍ എഴുതിയവരാണ്. 550-599 മാര്‍ക്ക് ലഭിച്ച കുട്ടികള്‍ 548 നഗങ്ങളിലെ 4,563 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ എഴുതിയത്.
ആകെ 720 മാര്‍ക്കില്‍ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയില്‍ മുന്നിലെത്തിയവര്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നും ഏതെങ്കിലും ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരല്ലെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരുടെ എണ്ണം ഏറെയുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായേനെ. ഇത്തരത്തില്‍ സംഭവിച്ചിട്ടില്ലെന്നും ഒരേയൊരു കേന്ദ്രത്തില്‍ നിന്നുള്ള ചോദ്യപേപ്പര്‍ കുറച്ചുപേര്‍ക്ക് മാത്രമായി ചോര്‍ത്തി നല്കിയതു മാത്രമാണ് നീറ്റില്‍ സംഭവിച്ചതെന്നുമാണ് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: