അങ്കോള: ഷിരൂരിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേനയെത്തി. ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ് സൈന്യമെത്തിയത്.
ഇതിനിടെ സൈന്യത്തിനും വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ നിലനില്‍ക്കുന്നുണ്ട്. വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കേരള-കർണാടക ഏരിയ കമാൻഡറുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക. മണ്ണിന്റെ ഘടന, കാലാവസ്ഥ, മണ്ണിടിച്ചിൽ സാധ്യത എന്നിവയും സൈന്യം പരിശോധിക്കും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി നിലവിലെ സ്ഥിതി വിലയിരുത്തി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ ഇവിടെയുണ്ട്. കോഴിക്കോട് എം.പി. എം.കെ. രാഘവനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്ഥലത്തുണ്ട്. എന്‍.ഡി.ആര്.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കേരളത്തില്‍നിന്ന് എത്തിയ രക്ഷാപ്രവര്ത്തകന് രഞ്ജിത്ത് ഇസ്രയേലടക്കം സ്ഥലത്തുണ്ട്.
റഡാറില്‍ സിഗ്നല്‍ലഭിച്ച പ്രദേശം കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് സൈന്യമെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: