കോഴിക്കോട്: അങ്കോളയ്ക്ക് സമീപം കൂപ്പില് തടിയെടുക്കാന്‍ പോയി മണ്ണിടിച്ചിലില്‍ അപകടപ്പെട്ടുവെന്ന് ആശങ്കപ്പെടുന്ന അര്ജുന് 23-ാം വയസ്സില്‍ വാഹനവുമായി ചങ്ങാത്തം കൂടിയതാണ്. അഞ്ചുവര്‍ഷത്തോളമായി 12 ചക്രമുള്ള വലിയ വാഹനത്തില്‍ കൂപ്പില് തടികയറ്റാന്‍ പോകുന്നു. തനിച്ചാണ് പലപ്പോഴും യാത്ര. ചിലപ്പോഴൊക്കെ കൂട്ടുകാരെ സഹായിയായി കൂടെ കൂട്ടാറുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ ഷിരൂര്‍ വിശ്രമകേന്ദ്രമാണെന്നും ഇവിടെ വച്ച് അര്ജുന് സ്വയംഭക്ഷണം പാകം ചെയ്തുകഴിക്കാറുണ്ടെന്നും പറയുന്നത് ഈ സുഹൃത്തുക്കളാണ്.
കുന്നമംഗലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് ജോലി ചെയ്തുവരുന്നത്. ഭാര്യയും രണ്ടുവയസുള്ള കുഞ്ഞും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അര്ജുന്.
മൂന്നു വര്‍ഷം മുന്‍പാണ് അര്ജുന് കൃഷ്ണപ്രിയയെ വിവാഹം ചെയ്യുന്നത്. രണ്ടു വയസുള്ള മകന് അയാന്, അച്ഛന് പ്രേമന്, അമ്മ ഷീല എന്നിവരും സഹോദരങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം പ്രതീക്ഷയോടെയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് അഞ്ചു ദിവസമായി. ബന്ധുക്കളും നാട്ടുകാരുമെല്ലാം വീട്ടിലെത്തി ആശ്വസിപ്പിക്കുമ്പോള്‍ എല്ലാവരും ശുഭപ്രതീക്ഷയിലാണ്.
ജൂലൈ എട്ടിനാണ് അര്ജുന് പോയത്. 15ന് വീട്ടില്‍ തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് ലഭിച്ചത്, അങ്കോളയ്ക്ക് സമീപം ഷിരൂരിലെ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിരിക്കാമെന്ന വാര്‍ത്തയാണ്. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ നല്കിയ വിവരമനുസരിച്ച് അങ്കോളയ്ക്ക് സമീപം അര്‍ജുന്റെ വാഹനം ഉണ്ടായിരുന്നു. ഇവിടം വാഹനയാത്രക്കാര്‍ വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി തമ്പടിക്കുന്ന സ്ഥലമാണ്.
ജൂലൈ 16ന് രാവിലെ 10ന് ഭാര്യ കൃഷ്ണപ്രിയയെ വിളിച്ചിരുന്നു. യാത്രയിലാണെന്നും കനത്ത മഴയുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് അര്ജുന് മടങ്ങിയെത്തേണ്ട സമയം അതിക്രമിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് മണ്ണിടിച്ചില്‍ വിവരം അറിയുന്നത്. തുടര്‍ന്ന് അര്‍ജുന്റെ അനുജന് അഭിജിത്തും സഹോരീഭര്ത്താവ് ജിതിനും ഒരു ബന്ധുവും ഉടന്‍ അങ്കോളയ്ക്ക് തിരിച്ചു. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് മനസ്സിലായതോടെ മണ്ണിനടിയില്‍ ലോറിയും ഒരു ജീവനുമുണ്ടെന്നും അറിയിച്ചെങ്കിലും തിരച്ചില്‍ നടത്തിയവര്‍ അതിന് തയാറായില്ലെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന് പറഞ്ഞു.
തുടര്‍ന്ന് അങ്കോള പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലും വിവരം ധരിപ്പിച്ചതായി സഹോദരി അഞ്ജു പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.കെ. രാഘവന് എംപി എന്നിവരെയും വിവരം അറിയിച്ചു.
ലോറിയും അര്‍ജ്ജുനും മണ്ണിനടിയില്‍ ഉണ്ടാവുമെന്നും അര്ജുന് സുരക്ഷിതമായിരിക്കുന്നുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് കുടുംബം. ഇന്നലെ രാവിലെ അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തത് പ്രതീക്ഷ വര്‍ധിപ്പിച്ചതായി കൃഷ്ണപ്രിയ പറഞ്ഞു. കൂടാതെ ജിപിഎസ് നല്കുന്ന സന്ദേശം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ലോറിയുടെ സാന്നിധ്യമുണ്ടെന്നാണ്. ഇതാണ് അര്ജുന് ലോറിയില്‍ സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷ വീട്ടുകാര്‍ക്ക് നല്‍കുന്നത്. ഏതുനിമിഷവും ശുഭവാര്‍ത്ത കേള്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: